അവസാന നാളുകള്‍
3
ഇതോര്‍ക്കുക, അവസാന നാളുകളില്‍ അനേകം കഷ്ടങ്ങള്‍ ഉണ്ടാകും. ആ കാലത്ത് ജനം തങ്ങളെത്തന്നെയും പണത്തെയും മാത്രമേ സ്നേഹിക്കൂ, അവര്‍ അഹങ്കാരികളും പൊങ്ങച്ചക്കാരും ആകും. ആളുകള്‍ മറ്റാളുകള്‍ക്കെതിരെ മോശമായ കാര്യങ്ങള്‍ പറയും. ആള്‍ക്കാര്‍ തങ്ങളുടെ മാതാപിതാക്കളെ അനുസരിക്കുകയില്ല. ആള്‍ക്കാര്‍ നന്ദി കെട്ടവരാകും. അവര്‍ ദൈവം ആഗ്രഹിക്കുന്ന തരത്തിലുള്ള ആള്‍ക്കാരാകുകയില്ല. ആള്‍ക്കാര്‍ക്ക് പരജനങ്ങളോട് സ്നേഹം കാണുകയില്ല. അവര്‍ അന്യരോട് ക്ഷമിക്കുവാന്‍ കൂട്ടാക്കാതിരിക്കുകയും അവരെക്കുറിച്ച് ചീത്തക്കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്യും. ആള്‍ക്കാര്‍ സ്വയം നിയന്ത്രിക്കയില്ല. അവര്‍ മനുഷ്യത്വമില്ലാത്തവരും സദ്കാര്യങ്ങളെ എതിര്‍ക്കുന്നവരും ആയിരിക്കും. അവസാന നാളുകളില്‍ ആളുകള്‍ തങ്ങളുടെ സുഹൃത്തുക്കള്‍ക്കെതിരെ തിരിയും. ചിന്തിക്കാതെ അവര്‍ വിഡ്ഢിത്തരങ്ങള്‍ ചെയ്യും. അവര്‍ അഹങ്കാരമുള്ളവരാകുകയും സുഖലോലുപത ഇഷ്ടപ്പെടുകയും ചെയ്യും. അവര്‍ ദൈവത്തെ സ്നേഹിക്കയില്ല. അവര്‍ നമ്മുടെ മതത്തിന്‍റെ ബാഹ്യരൂപത്തില്‍ പിടിച്ചു നില്‍ക്കും. പക്ഷെ അതിന്‍റെ യഥാര്‍ത്ഥശക്തിയെ നിരാകരിക്കുകയും ചെയ്യും. തിമൊഥെയൊസേ, അത്തരക്കാരില്‍ നിന്നും അകന്നു മാറുക.
അക്കൂട്ടരില്‍ ചിലര്‍ അബലകളായ സ്ത്രീകളുടെ വീടുകളില്‍ പ്രവേശിച്ച് അവരെ പ്രാപിക്കും. ആ സ്ത്രീകള്‍ ആകമാനം പാപത്തില്‍ നിറഞ്ഞവരാണ്. ആ സ്ത്രീകള്‍ തങ്ങള്‍ നടപ്പാക്കാന്‍ ആഗ്രഹിക്കുന്ന പല ദുഷ്ടതയാല്‍ പാപത്തിലേക്കു നയിക്കപ്പെട്ടവരാണ്. ആ സ്ത്രീകള്‍ പുതിയ ഉപദേശങ്ങള്‍ പഠിക്കാന്‍ എപ്പോഴും ശ്രമിക്കുമെങ്കിലും സത്യത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക് ഒരിക്കലും സാധിക്കയില്ല. യന്നേസിനേയും യംബ്രേസിനേയും സ്മരിക്കുക. അവര്‍ മോശെക്ക് എതിരായിരുന്നു. ഈയാളുകള്‍ അവരെപ്പോലെയാണ്. അവരും സത്യത്തിന് എതിരാണ്. ധാരണാശക്തി നിഷേധിക്കപ്പെട്ടവരാണവര്‍. കലുഷിത ചിന്താഗതി ഉള്ളവരാണവര്‍. വിശ്വാസം പിന്തുടരുന്നതില്‍ അവര്‍ പരാജയപ്പെട്ടു. എന്നാല്‍ തങ്ങള്‍ ചെയ്യുന്ന കാര്യങ്ങളില്‍ അവര്‍ വിജയ ശ്രീലാളിതരാകുകയില്ല. അവര്‍ വിഡ്ഢികളാണെന്ന് എല്ലാവരും കാണും. അതാണ് യന്നേസിനും യംബ്രേസിനും സംഭവിച്ചത്.
നിര്‍ദ്ദേശങ്ങള്‍- ഉപസംഹാരം
10 എന്നാല്‍ എന്നെക്കുറിച്ചുള്ളതെല്ലാം നിനക്കറിയാം. ഞാന്‍ പഠിപ്പിക്കുന്നതെന്താണെന്നും എന്‍റെ ജീവിത രീതിയും നിനക്കറിയാം. എന്‍റെ ജീവിതത്തിലെ ലക്ഷ്യം എന്താണെന്ന് നിനക്കറിയാം. എന്‍റെ വിശ്വാസവും ക്ഷമയും സ്നേഹവും സഹനവും പീഢനവും ക്ലേശവും എല്ലാം നിനക്കറിയാം. 11 അന്ത്യൊക്കയിലും ഇക്കൊന്യയിലും ലുസ്രയിലും എനിക്കു വന്നുപെട്ട കാര്യങ്ങളെക്കുറിച്ച് നിനക്കറിയാം. ആ സ്ഥലങ്ങളില്‍ ഞാനേറ്റ പീഢനങ്ങളെക്കുറിച്ചും ദുരിതങ്ങളെക്കുറിച്ചും നിനക്കറിയാം. എന്നാല്‍ കര്‍ത്താവ് എന്നെ ആ ക്ലേശങ്ങളില്‍ നിന്നെല്ലാം രക്ഷിച്ചു. 12 ക്രിസ്തുയേശുവില്‍ ദൈവേച്ഛാനുസരണം ജീവിക്കാനാഗ്രഹിക്കുന്ന ഏവനും പീഢിപ്പിക്കപ്പെടും. 13 ദുഷ്ടരും അന്യരെ വഞ്ചിക്കുന്നവരും മേലാല്‍ കൂടുതല്‍ ദോഷവാന്മാരാകും. അവര്‍ അന്യരെ വിഡ്ഢികളാക്കുമെങ്കിലും അവര്‍ തങ്ങളെത്തന്നെ വിഡ്ഢികളാക്കുകയാണ് ചെയ്യുന്നത്. അതേ സമയം അതുവഴി അവര്‍ തങ്ങളെത്തന്നെ വഞ്ചിക്കുകയും ചെയ്യും.
14 എന്നാല്‍ നീ ഗ്രഹിച്ച ഉപദേശങ്ങള്‍ തുടര്‍ന്ന് പിന്‍തുടരുക. ആ ഉപദേശങ്ങളത്രയും ശരിയാണെന്നു നിനക്കറിയാം. നിന്നെ ആ വക കാര്യങ്ങള്‍ പഠിപ്പിച്ച ആള്‍ക്കാരെ ആശ്രയിക്കാമെന്നും നിനക്കറിയാം. 15 കുട്ടിയായിരുന്നപ്പോള്‍ മുതല്‍ നീ തിരുവെഴുത്തുകള്‍ അറിഞ്ഞിരുന്നു. ആ തിരുവെഴുത്തുകള്‍ നിന്നെ വിവേകിയാക്കാന്‍ കെല്പുറ്റതാണ്. ആ പരിജ്ഞാനം യേശുക്രിസ്തുവിലുള്ള വിശ്വാസം വഴി മോക്ഷത്തിലേക്കു നയിക്കും. 16 എല്ലാ തിരുവെഴുത്തും ദൈവത്താല്‍ നല്‍കപ്പെട്ടതാണ്. എല്ലാ തിരുവെഴുത്തും പഠിപ്പിക്കുവാനും ജനങ്ങളുടെ ജീവിതത്തിലെ തെറ്റുകള്‍ എടുത്തു കാണിക്കുവാനും ഉപയോഗമുള്ളതാണ്. അത് തെറ്റുകളെ തിരുത്താനും ശരിയായി ജീവിക്കേണ്ടതെങ്ങനെയെന്നു കാണിക്കുവാനും ഉപയോഗപ്രദമാണ്. 17 തിരുവെഴുത്തുകള്‍ ഉപയോഗിച്ചുകൊണ്ട് ദൈവത്തെ ശുശ്രൂഷിക്കുന്നവന്‍ ഒരുക്കമുള്ളവനും എല്ലാ സല്‍പ്രവൃത്തികളും ചെയ്യുവാനാവശ്യമായ എല്ലാ കാര്യങ്ങളും ലഭിക്കുന്നവനും ആയിരിക്കും.