സത്യ ഉപദേശം പിന്തുടരുക
2
യഥാര്‍ത്ഥ ഉപദേശം പിന്തുടരുന്നതിനു വേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്യാന്‍ നിങ്ങള്‍ ജനങ്ങളോട് പറയണം. പ്രായത്തില്‍ മുതിര്‍ന്ന പുരുഷന്മാരെ ആത്മനിയന്ത്രിതരും ഗൌരവപ്രകൃതരും വിവേകികളും ആകുവാന്‍ പഠിപ്പിക്കുക. അവര്‍ വിശ്വാസത്തിലും സ്നേഹത്തിലും സഹിഷ്ണതുയിലും ബലം ഉള്ളവരാകണം.
വിശുദ്ധ ജീവിതം നയിക്കാന്‍ മുതിര്‍ന്ന സ്ത്രീകളെ പഠിപ്പിക്കുക. അന്യര്‍ക്കെതിരെ സംസാരിക്കാതിരിക്കാനും അമിതമായി വീഞ്ഞു കുടിക്കാതിരിക്കാനും അവരെ പഠിപ്പിക്കുക. നല്ലത് എന്താണോ അത് ആ സ്ത്രീകള്‍ പഠിപ്പിക്കട്ടെ. അപ്പോള്‍ ഭര്‍ത്താവിനെയും കുട്ടികളെയും സ്നേഹിക്കണമെന്ന് യുവതികളെ പഠിപ്പിക്കാന്‍ അവര്‍ക്കു കഴിയും. വിവേകമതികളും ശുദ്ധരും വീട്ടുകാര്യം നോക്കുന്നവരും ദയയുള്ളവരും ഭര്‍ത്താവിനോട് വിധേയത്വമുള്ളവരുമാകുവാന്‍ യുവതികളെ അവര്‍ക്കു പഠിപ്പിക്കാന്‍ കഴിയും. അപ്പോള്‍ ദൈവം നമുക്കു തന്ന ഉപദേശത്തെ വിമര്‍ശിക്കുവാന്‍ ആര്‍ക്കും കഴിയുകയില്ല.
ഇതുപോലെതന്നെ വിവേകികളാകാന്‍ യുവാക്കളോടും പറയുക. സര്‍വ്വവഴികളിലും യുവാക്കള്‍ക്കു മാതൃകയാകാന്‍ തക്കവണ്ണം നിങ്ങള്‍ സല്‍പ്രവൃത്തികള്‍ ചെയ്യണം. നിങ്ങള്‍ പഠിപ്പിക്കുന്പോള്‍ സത്യസന്ധരും ഗൌരവമുള്ളവരും ആകണം. വിമര്‍ശിക്കാന്‍ കഴിയാത്തവണ്ണം പഠിപ്പിക്കുന്പോള്‍ സത്യം പറയുക. അപ്പോള്‍ നിങ്ങള്‍ക്കെതിരെ മോശമായി ഒന്നും പറയാനില്ലാത്തതു കൊണ്ട് നിങ്ങളുടെ എതിരാളി ലജ്ജിക്കും.
അടിമകള്‍ ആയിരിക്കുന്നവരോട് ഇക്കാര്യങ്ങള്‍ പറയുവിന്‍. എക്കാലത്തും അവരുടെ ഉടമകളെ പ്രീതിപ്പെടുത്തുവാന്‍ അവര്‍ ശ്രമിക്കണം. അവര്‍ അവരുടെ ഉടമകളോട് വാദിക്കയുമരുത്. 10 അവര്‍ അവരുടെ ഉടമകളില്‍ നിന്നും മോഷ്ടിക്കരുത്. തങ്ങള്‍ വിശ്വസ്തരാണെന്ന് അവര്‍ ഉടമകളെ കാണിക്കണം. നമ്മുടെ രക്ഷകനായ ദൈവത്തിന്‍റെ ഉപദേശങ്ങള്‍ നല്ലതാണെന്നു കാണിക്കുവാനായി അവര്‍ ചെയ്യുന്ന എല്ലാറ്റിനും അടിമകള്‍ ഇക്കാര്യങ്ങള്‍ ചെയ്യണം.
11 ദൈവകൃപ നമുക്ക് നല്‍കപ്പെട്ടിരിക്കുന്നു. ആ കൃപയ്ക്ക് ആരെയും രക്ഷിക്കാനുള്ള കഴിവുണ്ട്. 12 ലോകം നമ്മളെക്കൊണ്ട് ചെയ്യിക്കാനാഗ്രഹിക്കുന്ന ചീത്തക്കാര്യങ്ങള്‍ ചെയ്യാതിരിക്കാനും ദൈവത്തിനെതിരായി ജീവിക്കാതിരിക്കാനും അവന്‍റെ കൃപ നമ്മെ പഠിപ്പിക്കുന്നു. ദൈവസേവനം ചെയ്തുകൊണ്ട് ഈ ലോകത്തില്‍ ജീവിയ്ക്കുവാനും സ്വയം നിയന്ത്രിതവും നീതിപരവുമായ ജീവിതം നയിക്കാനും അവന്‍റെ കൃപ നമ്മെ പഠിപ്പിക്കുന്നു. 13 നമ്മുടെ മഹാദൈവവും രക്ഷകനുമായ യേശുക്രിസ്തുവിനെയും കാത്തുനില്‍ക്കുന്പോള്‍ നാം അങ്ങനെ ജീവിക്കണം. അവന്‍ നമ്മുടെ വലിയ പ്രത്യാശയാണ്. മഹത്വത്തോടുകൂടി അവന്‍ വരികയും ചെയ്യും. 14 അവന്‍ നമുക്ക് സ്വയം നല്‍കി. എല്ലാ ദുഷ്ടതകളില്‍ നിന്നും നമ്മെ മോചിതരാക്കുവാന്‍ അവന്‍ മരിച്ചു. എപ്പോഴും നല്ലതു ചെയ്യുവാന്‍ ആഗ്രഹിക്കുന്ന നമ്മെ അവന്‍റെ വിശുദ്ധ ജനമാക്കുവാനായി അവന്‍ മരിച്ചു.
15 ഈ കാര്യങ്ങള്‍ ജനങ്ങളോടു പറയുവാന്‍. നിനക്കതിനു പൂര്‍ണ്ണാധികാരമുണ്ട്. അതിനാല്‍ ജനങ്ങളെ ശക്തിപ്പെടുത്താനും ചെയ്യേണ്ടത് എന്താണെന്ന് പറയുവാനുമായി ഈ അധികാരം ഉപയോഗിക്കുക. നീ അഗണ്യനെന്നു കരുതുവാന്‍ ഒരാളെയും അനുവദിക്കരുത്.