ശരിയായ മാര്‍ഗ്ഗം
3
ഈ കാര്യങ്ങള്‍ ചെയ്യുവാന്‍ അവര്‍ ഓര്‍ക്കണമെന്ന് അവരോടു പറയുക; നേതാക്കന്മാര്‍ക്കും അധികാരികള്‍ക്കും വിധേയരാകുന്നതിനും സല്‍പ്രവൃത്തികളുടെ അനുഷ്ഠാനത്തിനു തയ്യാറാകുന്നതിനും ഒരു ദുഷ്ടതയും ഒരുവനെക്കുറിച്ചും പറയാതിരിക്കുന്നതിനും അന്യരുമായി സമാധാനത്തില്‍ ജീവിക്കുന്നതിനും അന്യരോടു സൌമ്യരായിരിക്കുവാനും മറ്റുളളവരോടു മര്യാദയുള്ളവരായിരിക്കുവാനും എല്ലാവരോടും ഇങ്ങനെ പെരുമാറണമെന്ന് വിശ്വാസികളോട് പറയുക.
പണ്ട് നമ്മളും വിഡ്ഢികളായിരുന്നു. നമ്മള്‍ അനുസരിക്കാത്തവരും വഞ്ചിക്കപ്പെട്ടവരും എല്ലാത്തരത്തിലുമുള്ള വികാരങ്ങള്‍ക്കും മോഹങ്ങള്‍ക്കും അടിമകളായിരുന്നു. ദുഷ്ടത ചെയ്തും അസൂയാലുക്കളുമായി നാം ജീവിച്ചു. ജനം നമ്മെ വെറുക്കുകയും നാം പരസ്പരം വെറുക്കുകയും ചെയ്തു. എന്നാല്‍ അപ്പോള്‍ നമ്മുടെ രക്ഷകനായ ദൈവം നമ്മോട് കരുണയും സ്നേഹവും കാണിച്ചു. ദൈവ സമക്ഷം നീതിയുള്ള പ്രവൃത്തി ചെയ്തതു കൊണ്ടല്ല പ്രത്യുത അവന്‍റെ കരുണകൊണ്ട് അവന്‍ നമ്മെ രക്ഷിച്ചു. നമ്മെ പുതിയ ജനമാക്കുന്ന കഴുകല്‍ കൊണ്ട് അവന്‍ നമ്മെ രക്ഷിച്ചു. പരിശുദ്ധാത്മാവു വഴി നമ്മെ പുതുതാക്കി അവന്‍ രക്ഷിച്ചു. നമ്മുടെ രക്ഷകനായ യേശുക്രിസ്തു വഴി പരിശുദ്ധാത്മാവിനെ മുഴുവനായി ദൈവം നമ്മിലേക്ക് പകര്‍ന്നുതന്നു. അവന്‍റെ കൃപയാല്‍ നാം ദൈവത്തോട് നീതീകരണം പ്രാപിച്ചു, അതുകൊണ്ട് നാം പ്രതീക്ഷിക്കുന്ന നിത്യജീവനെ പ്രാപിക്കാന്‍ കഴിയും. ഇതാണ് നമ്മുടെ പ്രത്യാശ. ഈ ഉപദേശം സത്യമാണ്.
ആളുകള്‍ക്ക് ഈ കാര്യങ്ങളൊക്കെ മനസ്സിലാക്കുന്നുണ്ടെന്ന് തീര്‍ച്ചപ്പെടുത്തണമെന്നും ഞാനാഗ്രഹിക്കുന്നു. അപ്പോള്‍ ദൈവത്തെ വിശ്വസിച്ചവര്‍ക്കു നല്ലതു പ്രവര്‍ത്തിക്കുവാനായി അവരുടെ ജീവിതം ഉപയോഗിക്കുന്നതിന് ശ്രദ്ധയുണ്ടാകും. എല്ലാവരെയും സഹായിക്കുന്ന നല്ല കാര്യങ്ങളാണ് ഇവ.
ഭോഷത്തം നിറഞ്ഞ വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെടുന്നവരില്‍ നിന്നും നിഷ്പ്രയോജനമായ കുടുംബചരിത്രങ്ങള്‍ പറയുന്നവരില്‍ നിന്നും മോശെയുടെ ന്യായപ്രമാണത്തെച്ചൊല്ലി പ്രശ്നങ്ങളും കലഹവും ഉണ്ടാക്കുന്നവരില്‍ നിന്നും അകന്നു നില്‍ക്കുവിന്‍. അത്തരം കാര്യങ്ങള്‍ വ്യര്‍ത്ഥവും ജനങ്ങള്‍ക്ക് യാതൊരു പ്രയോജനം ചെയ്യാത്തവയുമാണ്. 10 ഒരാള്‍ വാദപ്രതിവാദത്തിന് കാരണം ഒരുക്കുന്നെങ്കില്‍ അവനു താക്കീതു നല്‍കുക. പിന്നെയും അവന്‍ തര്‍ക്കങ്ങള്‍ക്ക് കാരണക്കാരനാകുന്നുവെങ്കില്‍ വീണ്ടും താക്കീതു നല്‍കുക. പിന്നെയും അതു തുടരുന്നുവെങ്കില്‍ അവനുമായി ഇടപഴകരുത്. 11 അത്തരം ഒരാള്‍ പാപിയും ദുഷ്ടനും ആണെന്ന് നിങ്ങള്‍ക്കറിയാമല്ലോ. അവന്‍ തെറ്റുകാരനാണെന്ന് അവന്‍റെ പാപം തെളിയിക്കുന്നു.
ഓര്‍മ്മിക്കേണ്ട ചില കാര്യങ്ങള്‍
12 ആര്‍ത്തെമാസിനെയോ അല്ലെങ്കില്‍ തിഹിക്കൊസിനെയോ ഞാന്‍ നിന്‍റെ അടുത്തേക്ക് അയക്കുന്പോള്‍ നിക്കൊപ്പൊലിസില്‍ എന്‍റെ അടുത്തു വരുവാന്‍ തീവ്രമായി ശ്രമിക്കണം. ഈ മഞ്ഞുകാലം അവിടെ ചെലവഴിക്കാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു. 13 സേനാസ് എന്ന വക്കീലും അപ്പൊല്ലോസും അവിടെ നിന്നാണു പുറപ്പെടുക. അവരുടെ യാത്രയ്ക്കു നിനക്കാവുന്നത് എല്ലാം ചെയ്യുക. ആവശ്യമുള്ളതെല്ലാം അവര്‍ക്കുണ്ട് എന്ന് ഉറപ്പുവരുത്തണം. 14 സല്‍പ്രവൃത്തി ചെയ്യുന്നതിനായി അവരുടെ ജീവിതത്തെ ക്രമപ്പെടുത്തുവാന്‍ നമ്മുടെ ജനങ്ങള്‍ തീര്‍ച്ചയായും പഠിക്കണം. അടിയന്തിരമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനു വേണ്ടി അവര്‍ ഇതു ചെയ്യണം. അപ്പോള്‍ നമ്മുടെ ജനങ്ങള്‍ ഉപയോഗശൂന്യമായ ജീവിതം നയിക്കയില്ല.
15 ഇവിടെ എന്നോടൊപ്പം ഉള്ളവരെല്ലാം നിങ്ങളെ വന്ദനം ചെയ്യുന്നു. വിശ്വാസത്തില്‍ ഞങ്ങളെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും വന്ദനം പറയുക.
കൃപ നിങ്ങളോടു കൂടിയുണ്ടായിരിക്കട്ടെ.