ചോദ്യം: സത്യവേദപുസ്തകം വാസ്തവത്തില്‍ ദൈവ വചനമാണോ?

ഉത്തരം:
ഇത്‌ വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു ചോദ്യമാണ്‌. നാം വേദപുസ്തകത്തെ എങ്ങനെ വീക്ഷിക്കും എന്നതിലുപരി, നമ്മുടെ നിത്യതയെ തന്നെ ബാധിക്കുന്ന ഒരു ചോദ്യമാണിത്‌. വാസ്തവത്തില്‍ വേദപുസ്തകം ദൈവവചനമാണെങ്കില്‍ അതിനോടുള്ള നമ്മുടെ മനോഭാവം ദൈവത്തോടുള്ള മനോഭാവം തന്നേ ആയിരിക്കണം. അതിനെ തിരസ്കരിച്ചാല്‍ ദൈവത്തെ തിരസ്കരിക്കുന്നു എന്നു തന്നെയാണ്‌ അര്‍ത്ഥം. ബൈബിള്‍ ദൈവവചനമാണെങ്കില്‍ നാം അതിനെ സ്നേഹിക്കണം, പഠിക്കണം, അനുസരിക്കണം, എല്ലാറ്റിലുമുപരി നാമതില്‍ വിശസിച്ച്‌ ആശ്രയിക്കണം.

ദൈവം തന്റെ വചനം നമുക്കു തന്നു എന്നത്‌ ദൈവത്തിന്‌ നമ്മോടുള്ള സ്നേഹത്തിന്റെ അടയാളമാണ്‌. "വെളിപ്പാട്‌" എന്ന വാക്കിന്റെ അര്‍ത്ഥം ദൈവം തന്റെ സ്വഭാവത്തേയും മനുഷര്‍ക്ക്‌ തന്നോട്‌ എങ്ങനെ ശരിയായ ബന്ധത്തിലേക്ക്‌ വരുവാന്‍ കഴിയും എന്നതിനേപ്പറ്റിയും നമുക്ക്‌ മനസ്സിലാക്കിക്കൊടുത്തു എന്നാണ്‌. ദൈവം തന്റെ വചനത്തില്‍ ഇവ നമുക്ക്‌ വെളിപ്പെടുത്തിയില്ലായിരുന്നു എങ്കില്‍ ഈ വക കാര്യങ്ങള്‍ നമുക്ക്‌ അറിയുവാന്‍ കഴിയുമായിരുന്നില്ല. 1500 വര്‍ഷങ്ങള്‍ കൊണ്ടാണ്‌ ദൈവത്തിന്റെ പൂര്‍ണ്ണ വെളിപ്പാട്‌ നമുക്ക്‌ ലഭിച്ചിരിക്കുന്നത്‌. അതില്‍ നമ്മുടെ വിശ്വാസത്തിനു ആവശ്യമായതെല്ലാം മാത്രമല്ല ദൈവത്തിന്‌ പ്രസാദമായി ഈ ഭൂമിയില്‍ ജീവിക്കുവാന്‍ ആവശ്യമുള്ളതെല്ലാം വ്യക്തമാക്കിയിട്ടുണ്ട്‌. ബൈബിള്‍ ദൈവവചനമാണെങ്കില്‍ നമ്മുടെ ജീവിതത്തെപ്പറ്റിയും വിശ്വാസത്തെപ്പറ്റിയും സാന്‍മാര്‍ഗീകജീവിതത്തെപ്പറ്റിയുമുള്ള അവസാനത്തെ അധികാരശബ്ദമാണത്‌.

നാം നമ്മോടു തന്നെ ചോദിക്കേണ്ട ചോദ്യം വേദപുസ്തകം വെറുമൊരു നല്ല പുസ്തകം എന്നതിലുമുപരി അത്‌ ദൈവവചനമാണ്‌ എന്ന്‌ എനിക്ക്‌ എങ്ങനെ അറിയാം എന്നതാണ്‌. ഇതുവരെ എഴുതപ്പെട്ടിട്ടുള്ള മറ്റു ഏതു മത ഗ്രന്ഥത്തേക്കാളും വേദപുസ്തകത്തെ തനിയായി നിര്‍ത്തുന്ന ഘടകം ഏതാണ്‌? വേദപുസ്തകം ദൈവവചനം തന്നെയാണ്‌ എന്നതിന്‌ എന്തെങ്കിലും തെളിവുകള്‍ ഉണ്ടോ? വേദപുസ്തകം ദൈവവചനമാണ്‌, അത്‌ ദൈവശ്വാസീയമാണ്‌, ജീവിതത്തിനും വിശ്വാസത്തിനും ആവശ്യമായതെല്ലാം അതിലുണ്ട്‌ എന്ന്‌ വേദപുസ്തകം തന്നേ പറഞ്ഞിരിക്കുന്നത്‌ വാസ്തവമോ എന്ന്‌ മനസ്സിലാക്കുവാന്‍ ഇത്തരം ചോദ്യങ്ങളാണ്‌ നാം ഗൌരവമായി ആരാഞ്ഞു നോക്കേണ്ടത്‌.

വേദപുസ്തകം ദൈവവചനമാണ്‌ എന്ന്‌ വേദപുസ്തകം തന്നേ പറഞ്ഞിട്ടുണ്ട്‌ എന്നതിന്‌ ഒരു സംശയവുമില്ല. 2തിമോ.3:14-17 ഈ കാര്യം വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു. "...യേശുക്രിസ്തുവിലുള്ള വിശ്വാസത്താല്‍ നിന്നെ രക്ഷക്ക്‌ ജ്ഞാനിയാക്കുവാന്‍ മതിയായ തിരുവെഴുത്തുകളെ...പഠിച്ചും നിശ്ചയം പ്രാപിച്ചും ഇരിക്കുന്നതില്‍ നിലനില്‍ക. എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകയാല്‍ ദൈവത്തിന്റെ മനുഷന്‍ സകല സല്‍പ്രവര്‍ത്തിക്കും വക പ്രാപിച്ചു തികഞ്ഞവന്‍ ആകേണ്ടതിന്‌ ഉപദേശത്തിനും ശാസനത്തിനും ഗുണീകരണത്തിനും നീതിയിലെ അഭ്യാസത്തിനും പ്രയോജനമുള്ളത്‌ ആകുന്നു".

ഈ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം ലഭിക്കണമെങ്കില്‍ വേദപുസ്തകത്തിന്റെ ഉള്ളിലും വെളിയിലുമുള്ള തെളിവുകള്‍ നാം പരിശോധിക്കേണ്ടതാണ്‌. ഉള്ളിലെ തെളിവുകള്‍ എന്നത്‌ വേദപുസ്തകം തന്നേ അതിനേപ്പറ്റി എന്തു പറഞ്ഞിരിക്കുന്നു എന്ന്‌ പരിശോധിക്കുകയാണ്‌. വേദപുസ്തകം വാസ്തവത്തില്‍ ദൈവ വചനം ആണ്‌ എന്നതിന്റെ ആന്തരീക തെളിവുകളില്‍ ആദ്യത്തേത്‌ വേദപുസ്തകത്തിന്റെ ഏകത്വം ആണ്‌. ഏകദേശം ആയിരത്തി അഞ്ഞൂറു വര്‍ഷങ്ങള്‍ കൊണ്ട്‌ മൂന്നു ഭൂഘണ്ഢങ്ങളില്‍ ഇരുന്ന്‌, മൂന്നു ഭാഷകളില്‍, പല ജീവിതസാഹചര്യങ്ങളില്‍ ജീവിച്ചിരുന്ന നാല്‍പതോളം എഴുത്തുകാരാല്‍ എഴുതപ്പെട്ട 66 പുസ്തകങ്ങളുടെ ഒരു സമുച്ചയം ആണെങ്കിലും അവയില്‍ ഒന്നിനോട്‌ ഒന്ന്‌ യോജിക്കാത്ത ഒന്നുമില്ലാതെ വേദപുസ്തകം ആദിമുതല്‍ അവസാനം വരെ ഒരേ വിഷയം കൈകാര്യം ചെയ്യുന്ന ഒരേ ഗ്രന്ഥമായി കാണപ്പെടുന്നു. ഇങ്ങനെ വേറൊരു പുസ്തകം ലോകത്തില്‍ എവിടേയും ഇല്ലല്ലോ. ഈ ഏകത്വം വേദപുസ്തകത്തിന്റെ ദൈവനിശ്വാസീകതയുടെ ഏറ്റവും വലിയ തെളിവാണ്‌. ദൈവാത്മാവിനാല്‍ നടത്തപ്പെട്ട ഓരോ എഴുത്തുകാരും വാസ്തവത്തില്‍ ദൈവത്തിന്റെ തന്നേ വാക്കുകള്‍ എഴുതുക ആയിരുന്നു.

ആന്തരീക തെളിവുകളില്‍ മറ്റൊന്ന്‌ വേദപുസ്തകത്തില്‍ ഉടനീളം കാണുന്ന പ്രവചനങ്ങളുടെ നിറവേറലാണ്‌. വേദപുസ്തകത്തില്‍ ഇസ്രായേല്‍ ഉള്‍പ്പെടെയുള്ള പല ലോകരാഷ്ട്രങ്ങളേപ്പറ്റിയും പല പട്ടണങ്ങളേപ്പറ്റിയും മാത്രമല്ല, ലോകജനതയുടെ ഭാവിയേപ്പറ്റിയും, തന്നില്‍ വിശ്വസിക്കുന്ന ഏവരേയും രക്ഷിക്കുവാനിരിക്കുന്ന ലോകരക്ഷകനായി വരുവാനിരുന്ന യിസ്രായേലിന്റെ മശിഹായേക്കുറിച്ചും ദീര്‍ഘമായ പ്രവചനങ്ങള്‍ ഉണ്ട്‌. മറ്റു ചില പുസ്തകങ്ങളില്‍ കാണുന്ന ചില പ്രവചനങ്ങളേപ്പോലെ വേദപുസ്തക പ്രവചനങ്ങള്‍ ഒരിക്കലും നിറവേറാതെ ഇരുന്നിട്ടില്ല, ഇരിക്കയുമില്ല എന്നത്‌ വേദപുസ്തക പ്രവചനങ്ങളുടെ ആധികാരികത തെളിയിക്കുന്നു. പഴയനിയമത്തില്‍ മാത്രം ക്രിസ്തുവിനെപ്പറ്റി മുന്നൂറോളം പ്രവചനങ്ങളുണ്ട്‌. ക്രിസ്തു ഏതു കുടുംബത്തില്‍, ഏതു സ്ഥലത്ത്‌ എപ്പോള്‍ ജനിക്കുമെന്നും, തന്റെ ജീവിത മരണ പുനരുദ്ധാനങ്ങളേപ്പറ്റിയുമുള്ള മറ്റു വ്യക്തമായ പ്രവചനങ്ങളും വേദപുസ്തകത്തില്‍ കാണുവാന്‍ കഴിയും. ഈ പ്രവചനങ്ങളും അവയുടെ നിവര്‍ത്തിയും തെളിയിക്കുന്നത്‌ വേദപുസ്തകത്തിന്റെ ദൈവനിശ്വാസികത അല്ലാതെ മറ്റൊന്നല്ല. വേറൊരു പുസ്തകത്തിനും ഇത്രയുമധികം നിറവേറിയ പ്രവചനങ്ങളുടെ പരമ്പര നിരത്തിവയ്കുവാന്‍ സാധിക്കയില്ല.

വേദപുസ്തകത്തിന്റെ അതുല്യ അധികാരവും അതിന്റെ ഉള്‍ക്കരുത്തും വേദപുസ്തകം ദൈവവചനമാണെന്ന്‌ തെളിയിക്കുന്നു. ഇതാണ്‌ മൂന്നാമത്തെ ആന്തരീക തെളിവ്‌. വേദപുസ്തകം വായിക്കുന്ന ആളുകളില്‍ ഈ പുസ്തകം പറഞ്ഞറിയിക്കുവാന്‍ പറ്റാത്ത മാറ്റങ്ങളാണ്‌ വരുത്തുന്നത്‌. ആദ്യത്തെ രണ്ടു തെളിവുകളേപ്പോലെ അല്ലെങ്കിലും ഇതും വളരെ പ്രധാനപ്പെട്ട ഒന്നാണ്‌. ഇതുവരെ എഴുതപ്പെട്ടിട്ടുള്ള മറ്റ്‌ ഏതു പുസ്തകങ്ങളേക്കാളും അനുവാചകരെ രൂപാന്തരപ്പെടുത്തുവാനുള്ള വേദപുസ്തകത്തിന്റെ അധികാരം ഈ പുസ്തകത്തെ അതുല്യമാക്കുന്നു. കണക്കില്ലാത്ത ആളുകളുടെ ജീവിതങ്ങളെ വേദപുസ്തകം രൂപാന്തരപ്പെടുത്തിയിട്ടുണ്ട്‌. മയക്കുമരുന്നിന്റെ ആധിക്യത്തില്‍ നിന്നും, സ്വവര്‍ഗ്ഗഭോഗാക്തിയില്‍ നിന്നും, പാപവഴികളുടെ അഗാധത്തില്‍ നിന്നും അനേകരെ വേദപുസ്തകം വിടുവിച്ചിട്ടുണ്ട്‌. ഹൃദയം കഠിനപ്പെട്ട ക്രൂരന്‍മരെ മനുഷസ്നേഹികളാക്കിത്തീര്‍ത്തിട്ടുണ്ട്‌. പാപികളെ രൂപാന്തരപ്പെടുത്തുവാനുള്ള ഈ അതുല്യ ശക്തി വേദപുസ്തകത്തിനുള്ളതിന്റെ കാരണം ഇത്‌ ദൈവവചനമായതുകൊണ്ടാണ്‌.

മേല്‍പ്പറഞ്ഞ ആന്തരീക തെളിവുകളെ കൂടാതെ വിശുദ്ധ വേദപുസ്തകം യഥാര്‍ത്ഥത്തില്‍ ദൈവവചനമാണെന്നുള്ളതിന്‌ വേറെ ബാഹ്യമായ തെളിവുകളും നമുക്കുണ്ട്‌. അതില്‍ ഒന്ന് വേദപുസ്തകത്തിന്റെ ചാരിത്രീകതയാണ്‌. മറ്റേതു ചരിത്രസംഭവങ്ങളേയും പോലെ വേദപുസ്തകത്തില്‍ വിവരിച്ചിരിക്കുന്ന ചരിത്ര സംഭവങ്ങളും വസ്തുനിഷ്ടമാണെന്ന് നമുക്ക്‌ ആരാഞ്ഞറിയാവുന്നതാണ്‌. പുരാവസ്തു ഗവേഷകരും, ചരിത്ര ഗവേഷകരും പല ആവര്‍ത്തി ബൈബിളിന്റെ ചാരിത്രീകത ശരിവച്ചിട്ടുണ്ട്‌. വാസ്തവത്തില്‍ ഇത്ര അധികം കൈയ്യഴുത്തുപ്രതികളും ഇത്ര അധികം ചരിത്ര അംഗീകാരവും ഉള്ള വേറൊരു പുരാതന പുസ്തകവും ലോകത്തില്‍ ഇല്ല എന്നത്‌ നിസ്തര്‍ക്കമാണ്‌. വേദപുസ്തകം ദൈവവചനമാണെന്നുള്ളതിന്റെ ഒരു തെളിവാണ്‌ ഇതിന്റെ ചരിത്ര യാഥാര്‍ത്ഥ്യം.

വേദപുസ്തകം ദൈവവചനമാണ്‌ എന്നതിന്റെ ബാഹ്യ തെളിവുകളില്‍ അടുത്തത്‌ ഈ പുസ്തകം എഴുതുവാന്‍ ദൈവം ഉപയോഗിച്ച ആളുകളുടെ ആത്മാര്‍ത്ഥതയാണ്‌. ആരംഭത്തില്‍ ഓര്‍ത്തതു പോലെ ഈ പുസ്തകം എഴുതുവാന്‍ ദൈവം ഉപയോഗിച്ചത്‌ വിവിധ ജീവിത സാഹചര്യങ്ങളില്‍ ജീവിച്ചിരുന്ന മനുഷ്യരേയാണ്‌. അവരുടെ ജീവിതങ്ങളെ നാം പഠിക്കുമ്പോള്‍

അവരെല്ലാവരും സത്യസന്തരും ആത്മാര്‍ത്ഥത ഉള്ളവരും ആയിരുന്നു എന്ന് മനസ്സിലാക്കാവുന്നതാണ്‌. പലപ്പോഴും അവര്‍ മനസ്സിലാക്കിയിരുന്ന സത്യങ്ങള്‍ക്കായി മരിക്കുവാന്‍ തന്നെ അവര്‍ തയ്യാറായിരുന്നു. പലരും അവര്‍ അറിഞ്ഞ സത്യങ്ങള്‍ക്കായി ക്രൂരമരണമാണ്‌ വരിച്ചത്‌. ദൈവം അവരോട്‌ വ്യക്തിപരമായി ഇടപെട്ടിരുന്നു എന്ന് അവര്‍ വാസ്തവത്തില്‍ വിശ്വസിച്ചു. പുതിയനിയമ എഴുത്തുകാര്‍ ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെ നേരില്‍ കണ്ടവരായിരുന്നു. ആ ദര്‍ശനം അവരുടെ ജീവിതത്തില്‍ വരുത്തിയ മാറ്റം അവര്‍ണ്ണനീയമായിരുന്നു. ഒരിക്കല്‍ ഭയത്താല്‍ പതുങ്ങി ഇരുന്നവര്‍ പിന്നീട്‌ അതേ സത്യത്തിനുവേണ്ടി ജീവനൊടുക്കുവാന്‍ തയ്യാറായത്‌ ഈ ദൈവീക ദര്‍ശനമായിരുന്നു. അവരുടെ ജീവിതവും മരണവും ബൈബിള്‍ ദൈവവചനമാണെന്ന് തെളിയിക്കുന്നു.

ബൈബിള്‍ ദൈവവചനമാണെന്നതിന്റെ അടുത്ത ബാഹ്യ തെളിവ്‌ ബൈബിളിന്റെ അനശ്വരതയാണ്‌. ബൈബിള്‍ വേദപുസ്തകമാണ്‌ എന്ന് ബൈബിള്‍ തന്നേ പ്രഖ്യാപിച്ചിരിക്കുന്നതുകൊണ്ട്‌ മറ്റേതു പുസ്തകങ്ങളേക്കാളും അധികം ശത്രുക്കള്‍ ബൈബിളിനുണ്ടായി എന്ന് ചരിത്രം തെളിയിക്കുന്നു. പുരാതന റോമാ ചക്രവര്‍ത്തിമാരായ ഡയക്ലീഷന്‍ തുടങ്ങിയ ചക്രവര്‍ത്തിമാരും, ആധുനീക യുഗത്തിലെ കമ്യൂണിസ്റ്റ്‌ ഏകാധിപതികളും എന്നുവേണ്ട ഇന്നത്തെ നിരീശ്വരവാദികളും ഇതിനെതിരായി ആഞ്ഞടിച്ചിട്ടുണ്ടെങ്കിലും അവയെയെല്ലാം തൃണവല്‍ഗണിച്ചുകൊണ്ട്‌ ബൈബിള്‍ ഇന്നും ലോകവിപണിയില്‍ മുന്‍പന്തിയില്‍ തന്നേ നിലകൊള്ളുന്നു. ഇതിനേക്കാള്‍ അധികം വിറ്റഴിയുന്ന വേറൊരു പുസ്തകം ലോകത്തില്‍ ഇന്നില്ല എന്നത്‌ ഒരു നഗ്നസത്യം മാത്രമാണ്‌.

വേദപുസ്തകത്തിലെ കഥകള്‍ എല്ലാം വെറും കെട്ടുകഥകള്‍ ആണെന്ന്‌ കാലമത്രയും അവിശ്വാസികള്‍ പരിഗണിച്ചിരുന്നു. എന്നാല്‍ പുരാവസ്തുഗവേഷണം അവയൊക്കെ ചരിത്രമായിരുന്നു എന്ന്‌ തെളിയിച്ചിട്ടുണ്ട്‌. ഇതിലെ ഉപദേശങ്ങള്‍ പുരാതനവും കാലഹരണപ്പെട്ടതും ആണെന്ന്‌ ശത്രുക്കള്‍ കുറ്റപ്പെടുത്തിയിട്ടുണ്ടെങ്കിലും, ലോകത്തെമ്പാടുമുള്ള

സമുദായങ്ങളേയും കലാചാരങ്ങളേയും ഈ പുസ്തകത്തിലെ ആശയങ്ങളും ഉപദേശങ്ങളും ക്രീയാത്മമായി സാരമായി സ്വാധീനിച്ചിട്ടുണ്ട്‌ എന്നതില്‍ തര്‍ക്കമില്ല. ഇന്നും ഇതിനെതിരായി ശാസ്ത്ര പഠനവും, മനശ്ശാസ്ത്രവും, രാഷ്ട്രീയ പ്രസ്താനങ്ങളും യുദ്ധ പ്രഖ്യാപനങ്ങള്‍ നടത്തി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ടെങ്കിലും, വേദപുസ്തകം എഴുതപ്പെട്ട കാലത്ത്‌ അതിനുണ്ടായിരുന്ന ആനുകാലികത ഇന്നും അതിനുണ്ട്‌ എന്നത്‌ നിസ്തര്‍ക്കമാണ്‌. കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങളായി നിരവധി ജീവിതങ്ങളേയും കലാചാരങ്ങളേയും രൂപന്തരപ്പെടുത്തിയിട്ടുള്ള പുസ്തകമാണിത്‌. വേദപുസ്തകത്തിന്റെ ശത്രുക്കള്‍ ഏതെല്ലാം രീതിയില്‍ അതിനെ നശിപ്പിച്ച്‌ അത്‌ പ്രയോജനരഹിതമാണെന്ന് തെളിയിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നുവെങ്കിലും ഇന്നും അതിന്റെ ആധികാരികതയും ആനുകാലികതയും അല്‍പം പോലും കുറച്ചുകളയുവാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല.

വേദപുസ്തകം ദൈവത്തിന്റെ വചനമാണ്‌ എന്നതിന്റെ ഏറ്റവും വലിയ തെളിവാണ്‌ അതിന്റെ ശത്രുക്കളുടെ പരാജയം എന്ന് പറയാതിരിക്കുവാന്‍ തരമില്ല. ആരൊക്കെ എങ്ങനെയൊക്കെ അതിനെതിരായി വര്‍ത്തിച്ചാലും വേദപുസ്തകം അതിനെയെല്ലം അതിജീവിച്ച്‌ മാറ്റമില്ലാത്ത അതുല്യമായ ദൈവവചനമായി എന്നേക്കും നിലനില്‍ക്കും എന്നതിന്‌ രണ്ടു പക്ഷമില്ല. അതല്ലേ യേശുകര്‍ത്താവ്‌ ഇങ്ങനെ പറഞ്ഞിരിക്കുന്നത്‌: "ആകാശവും ഭൂമിയും ഒഴിഞ്ഞു പോകും; എന്റെ വചനമോ എന്നെന്നേക്കും നിലനില്‍കും" (മര്‍ക്കോ.13:31). "വാസ്തവത്തില്‍ സത്യവേദപുസ്തകം ദൈവവചനം തന്നെയാണ്‌" എന്ന്‌ ഈ വക തെളിവുകളെ വ്യക്തമായി പരിശോധിച്ച ശേഷം നമുക്കു ശക്തമായി പറയുവാന്‍ കഴിയും.



ചോദ്യം: സത്യവേദപുസ്തകത്തില്‍ തെറ്റുകളും, വിരുദ്ധങ്ങളും, ചേര്‍ച്ചക്കുറവുകളും ഉണ്ടോ?

ഉത്തരം:
വേദപുസ്തകത്തില്‍ തെറ്റുകള്‍ കണ്ടുപിടിക്കണം എന്ന ഉദ്ദേശത്തോടെ അല്ലാതെ, അതിനെ അത്‌ അര്‍ഹിക്കുന്ന മതിപ്പോടെ വായിച്ചാല്‍ മനസ്സിലാക്കുവാന്‍ അധികം ബുദ്ധിമുട്ടില്ലാത്തതും, വിഷയാസ്പദവും, പൊരുത്തമുള്ളതും ആണ്‌ ബൈബിള്‍ എന്ന് കാണാവുന്നതാണ്‌. വേദപുസ്തകത്തില്‍ മനസ്സിലാക്കുവാന്‍ പ്രയാസമുള്ളത്‌ ഒന്നുമില്ല എന്ന് പറയുന്നില്ല. വിപരീത ആശയങ്ങള്‍ എന്നു തോന്നാവുന്ന വാക്യങ്ങള്‍ ഇല്ലെന്ന് ശഠിക്കുന്നില്ല. എന്നാല്‍ ഏകദേശം 1600 വര്‍ഷങ്ങള്‍ കൊണ്ട്‌ 40 ഓളം ആളുകളാല്‍ എഴുതപ്പെട്ട പുസ്തകമാണ്‌ ബൈബിള്‍ എന്ന കാര്യം മറക്കരുത്‌. ഓരോ എഴുത്തുകാരനും അവരവരുടെ ശൈലിയില്‍, അവരവരുടെ കാലത്തു ജീവിച്ചിരുന്ന ആളുകള്‍ക്കായി, വെവ്വേറെ ഉദ്ദേശത്തോടുകൂടി എഴുതിയിട്ടുള്ളതാണ്‌ ഓരോ പുസ്തകവും എന്നത്‌ ഓര്‍ക്കണം. അതുകൊണ്ട്‌ പുസ്തകങ്ങള്‍ തമ്മില്‍ വ്യത്യാസങ്ങള്‍ കണ്ടെങ്കിലേ മതിയാവൂ. എന്നാല്‍ വ്യത്യാസങ്ങള്‍ വിപരീതങ്ങള്‍ അല്ലല്ലോ. വാക്യങ്ങളും ആശയങ്ങളും തമ്മില്‍ ഒരു രീതിയിലും പൊരുത്തപ്പെടുത്തുവാന്‍ സാധിക്കാതെ വന്നെങ്കിലേ തെറ്റ്‌ എന്ന് പറയുവാന്‍ കഴിയുകയുള്ളല്ലോ. ഒരു പക്ഷെ ഒരു ചോദ്യത്തിന്റെ ഉത്തരം എനിക്ക്‌ അറിഞ്ഞുകൂടാ എന്ന് വന്നേയ്ക്കാം. അതിനര്‍ത്ഥം ആ ചോദ്യത്തിന്‌ ഉത്തരമേ ഇല്ല എന്നല്ലല്ലോ. മുന്‍ കാലങ്ങളില്‍ ബൈബിള്‍ ചരിത്രത്തിലോ ഭൂമിശാസ്ത്രത്തിലോ തെറ്റ്‌ ഉണ്ട്‌ എന്ന് ആരോപിക്കപ്പെട്ടിരുന്നത്‌, പിന്നീട്‌ വന്ന പുരാവസ്തു ഗവേഷണങ്ങള്‍ കൊണ്ട്‌ ശരി ആണ്‌ എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്‌.

ചിലപ്പോള്‍ ചില ആളുകള്‍ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കാറുണ്ട്‌. " ഈ വാക്യങ്ങള്‍ വിരുദ്ധമല്ല എന്ന്‌ തെളിയിക്കാമോ". അല്ലെങ്കില്‍, "ഇവിടെ നോക്കുക, ഇത്‌ തെറ്റല്ലെങ്കില്‍ പിന്നെ എന്താണ്‌?" ചിലപ്പോള്‍ ഇത്തരം ചോദ്യങ്ങള്‍ക്ക്‌ ഉത്തരം പറയുന്നത്‌ അത്ര എളുപ്പമുള്ള കാര്യമലലെ എന്ന്‌ വന്നേയ്ക്കാം. എന്നാല്‍ ഞങ്ങള്‍ പൂണ്ണമായി ഉറപ്പു പറയുന്നത്‌ എല്ലാ ചോദ്യങ്ങള്‍്‌ക്കും ശരിയായ ഉത്തരം ഉണ്ട്‌ എന്നു തന്നെ ആണ്‌. "ബൈബിളിലെ പ്രമാദങ്ങള്‍" എന്ന പേരിലും മറ്റും അനേക പുസ്തകങ്ങളും വെബ്സൈറ്റുകളും ഉണ്ട്‌. പലരും അവയെ ആയുധമാക്കുകയല്ലാതെ തനിയെ ഒരു തെറ്റും കണ്ടുപിടിക്കാറില്ല. ഇതുവരെ ഉന്നയിക്കപ്പെട്ടിട്ടുള്ള എല്ലാ ചോദ്യങ്ങള്‍്‌ക്കും ഉത്തരം കൊടുക്കുന്ന പുസ്തകങ്ങളും വെബ്സൈറ്റുകളും ഉണ്ടെന്നുള്ള കാര്യവും മറക്കരുത്‌. എന്നാല്‍ വാസ്തവം പറയട്ടെ, ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നവരില്‍ മിക്കവരും ഉത്തരം വേണമെന്ന ആഗ്രഹമേ ഇല്ലാത്തവരാണ്‌. മാത്രമല്ല, വേദപുസ്തകത്തെ ഇങ്ങനെ ആക്രമിക്കുവാന്‍ ശ്രമിക്കുന്നവര്‍ ഇത്തരം ചോദ്യങ്ങളുടെ ശരിയായ ഉത്തരം അവര്‍ക്ക്‌ അറിയാമെങ്കിലും മനഃപ്പൂര്‍വമായി അവരുടെ ആക്രമണം തുടരുകയാണ്‌.

ഇങ്ങനെ ബൈബിള്‍ തെറ്റുകളുമായി ഒരാള്‍ നമ്മെ സമീപിച്ചാല്‍ നാം എന്താണ്‌ ചെയ്യേണ്ടത്‌? 1) പ്രാര്‍ത്ഥനയോടെ വചനം പഠിച്ച്‌ ലളിതമായ ഒരു ഉത്തരം ഉണ്ടോ എന്ന്‌ കണ്ടുപിടിക്കുക. 2)വേദപുസ്തക പ്രശ്നങ്ങളെപ്പറ്റി എഴുതിയ പുസ്തകങ്ങളും, വ്യാഖ്യാന ഗ്രന്ഥങ്ങളും ഉപയോഗിച്ച്‌ അല്‍പം ഗവേഷണം നടത്തി ഉത്തരം കണ്ടുപിടിക്കുക. 3) നമ്മുടെ സഹവിശ്വാസികളോടോ സഭാ നേതാക്കന്‍മാരോടോ ചോദിച്ച്‌ ഉത്തരം മനസ്സിലാക്കുക. 4) ഇങ്ങനെ എല്ലാ വഴികളിലും ഉത്തരം ലഭിച്ചില്ലെങ്കില്‍, ദൈവത്തിന്റെ വചനം സത്യമാണെന്ന്‌ വിശ്വസിക്കയും ഇന്ന്‌ അല്ലെങ്കില്‍ നാളെ ഉത്തരം ലഭിക്കുമെന്നറിഞ്ഞു ജീവിക്കയും ചെയ്യുക (2തിമൊ.2:15,3:16,17).



ചോദ്യം: 'സത്യവേദപുസ്തകം ഇക്കാലത്തും ഉചിതമാണോ?

ഉത്തരം:
എബ്ര.4:12 ഇങ്ങനെ പറയുന്നു: "ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനേക്കാളും മൂര്‍ച്ചയേറിയതും പ്രാണനേയും ആത്മാവിനേയു സന്ധിമജ്ജകളേയും വേറുവിടുവിക്കും വരെ തുളച്ചുകയറുന്നതും ഹൃദയത്തിലെ ചിന്തകളേയും ഭാവങ്ങളേയും വിവേചിക്കുന്നതും ആകുന്നു". ഏകദേശം 1900 വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ എഴുതപ്പെട്ട പുസ്തകമാണ്‌ സത്യവേദപുസ്തകം എങ്കിലും അതിന്റെ കൃത്യതയ്ക്കോ അതിന്റെ പ്രസക്തിക്കോ ഇന്നും മാറ്റം സംഭവിച്ചിട്ടില്ല. തന്നേയും തന്റെ കാര്യപരിപാടികളേയും മനുഷവര്‍ഗ്ഗത്തിന്‌ വെളിപ്പെടുത്തുവാന്‍ വേണ്ടി സര്‍വശക്തനായ ദൈവം ഉപയോഗിക്കുന്ന ഏക പ്രത്യക്ഷ മാദ്ധ്യമം ആണ്‌ സത്യവേദപുസ്തകം.

നാം അധിവസിക്കുന്ന ഈ അഖിലാണ്ഡത്തെപ്പറ്റി ബൈബിളില്‍ പറഞ്ഞിരിക്കുന്ന അനേക കാര്യങ്ങള്‍ ആധുനീക യുഗത്തില്‍ വിജ്ഞാനീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്‌. അവയില്‍ ചിലവ ഇവിടെ കുറിക്കുന്നു. ലേവ്യ.17:11; സഭാ.1:6-7; ഇയ്യോ.36:27-29; സങ്കീ.102:25-27; കൊലോ.1:16-17. വേദപുസ്തകത്തില്‍ മനുഷവര്‍ഗ്ഗത്തിന്റെ വീണ്ടെടുപ്പിന്റെ കഥ പറഞ്ഞുവരുമ്പോള്‍ അനേകരെപ്പറ്റി വിവരണങ്ങളുണ്ട്‌. ഈ വിവരണങ്ങളില്‍ കൂടെ വേദപുസ്തകം മനുഷന്റെ സ്വഭാവത്തെപ്പറ്റിയും മനുഷന്റെ പ്രവണതകളെപ്പറ്റിയും നമ്മെ പഠിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. ഇന്ന്‌ കമ്പോളത്തില്‍ ലഭിക്കുന്ന ഏതു മനശാസ്ത്ര പുസ്തകങ്ങളെക്കാള്‍ വേദപുസ്തകത്തിലെ വിവരണങ്ങളാണ്‌ ശരി എന്ന്‌ നമ്മുടെ അനുദിന ജീവിതത്തിലെ അനുഭവത്തില്‍ നിന്നു നമുക്ക്‌ തന്നെ മനസ്സിലാക്കാവുന്നതാണ്‌. വേദപുസ്തകത്തിലെ ചരിത്ര സംഭവങ്ങള്‍ സത്യമാണെന്ന്‌ വേദപുസ്തകത്തിനു വെളിയിലുള്ള ചരിത്ര പുസ്തകങ്ങള്‍ സാക്ഷീകരിക്കുന്നു. ചാരിത്രീക ഗവേഷണങ്ങള്‍ വേദപുസ്തകത്തലെ ചരിത്രവസ്തുതകള്‍ ശരി എന്ന്‌ തെളിയിച്ചിട്ടുള്ളതല്ലാതെ മറിച്ചു സംഭവിച്ചിട്ടില്ല.

എന്നാല്‍ ബൈബിള്‍ ഒരു ചരിത്രപുസ്തകമോ, മനശാസ്ത്രപുസ്തകമോ അല്ലെങ്കില്‍ ഒരു ശാസ്ത്രീയ പുസ്തകമോ അല്ല എന്ന കാര്യം ഒരിക്കലും മറക്കരുത്‌. താന്‍ ആരാണെന്നും, മനുഷവര്‍ഗ്ഗത്തെപ്പറ്റിയുള്ള തന്റെ ആഗ്രഹങ്ങളും പരിപാടികളും എന്തൊക്കെ ആണെന്നും ലോകസൃഷിതാവായ ദൈവം വെളിപ്പെടുത്തിയിരിക്കുന്ന പുസ്തകമാണ്‌ ബൈബിള്‍. ബൈബിള്‍ വെളിപ്പാടിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയം, പാപത്താല്‍ മനുഷന്‍ ദൈവത്തില്‍ നിന്ന്‌ വേര്‍പിരിക്കപ്പെട്ടു എന്നും തന്റെ പുത്രന്റെ ക്രൂശു മരണത്താല്‍ ദൈവം മനുഷവര്‍ഗ്ഗത്തെ വീണ്ടെടുക്കുവാന്‍ ഒരു മാര്‍ഗ്ഗം തയ്യാറാക്കിയിട്ടുണ്ട്‌ എന്നും ഉള്ളതുമാണ്‌. വീണ്ടെടുക്കപ്പെടേണ്ട മനുഷന്റെ ആവശ്യത്തിന്‌ മാറ്റമില്ലാത്തതു പോലെ, നാം ദൈവത്തിങ്കലേയ്ക്ക്‌ തിരികെ വരണം എന്ന ദൈവത്തിന്റെ ആഗ്രഹത്തിനും ഒരിക്കലും മാറ്റം ഇല്ലാത്തതാണ്‌.

സത്യവേദപുസ്തകത്തില്‍ വളരെ കൃത്യമായും വളരെ ഉചിതമായും അനേകം കാര്യങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ട്‌. വേദപുസ്തകത്തിന്റെ കേന്ദ്ര വിഷയമായ മനുഷവര്‍ഗ്ഗത്തിന്റെ വീണ്ടെടുപ്പ്‌ എന്നത്‌ സകല മനുഷവര്‍ഗ്ഗത്തേയും ഒരുപോലെ ബാധിക്കുന്ന വിഷയമാണ്‌. ദൈവവചനം ഒരിക്കലും കാലഹരണപ്പെട്ടു പോകുവാനോ, അതിജീവിക്കപ്പെടുവാനോ, തിരുത്തി എഴുതുതപ്പെടുവാനോ സാധിക്കയില്ല. കലാചാരങ്ങള്‍ മാറുന്നു, പ്രമാണങ്ങള്‍ക്ക്‌ മാറ്റം സംഭവിക്കുന്നു, തലമുറകള്‍ വന്നു പോകുന്നു. എന്നാല്‍ വേദപുസ്തകം അത്‌ എഴുതപ്പെട്ട കാലത്ത്‌ എത്രത്തോളം പ്രസക്തവും ഉചിതവും ആയിരുന്നുവോ അതുപോലെ തന്നെ ഇന്നും മാറ്റമില്ലാത്തതായി ഇരിക്കുന്നു. വേദപുസ്തകത്തിലെ ചില സാഹചര്യങ്ങള്‍ നമ്മുടെ സാഹചര്യങ്ങളില്‍ നിന്ന്‌ വിഭിന്നം ആയിരിക്കാം. എന്നാല്‍ വേദപുസ്തകം വെളിപ്പെടുത്തുന്ന സത്യങ്ങള്‍ മാനവജാതി ഉള്ളിടത്തോളം കാലം പ്രസക്തവും ഉചിതവും ആയിരിക്കും. നമ്മുടെ അനുദിന ജീവിതത്തില്‍ ഈ സത്യങ്ങള്‍ അനുസരിച്ച്‌ ജീവിക്കുവാന്‍ നാം ബാദ്ധ്യസ്തരും ആണ്‌.



ചോദ്യം: എന്ന്‌, എങ്ങനെയാണ്‌ ബൈബിളിന്റെ കാനോന്‍ അംഗീകരിക്കപ്പെട്ട്‌ ഒരു പുസ്തകം ആയിത്തീര്‍ന്നത്‌?

ഉത്തരം:
ബൈബിളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ദൈവശ്വാസീയമായ പുസ്തകങ്ങളെ കുറിക്കുവാനാണ്‌ "കാനോന്‍" എന്ന വാക്ക്‌ ഉപയോഗിച്ചിരിക്കുന്നത്‌. ഏതെല്ലാം പുസ്തകങ്ങള്‍ ബൈബിളില്‍ ഉണ്ടായിരിക്കണം എന്ന ഒരു പട്ടിക ബൈബിളില്‍ ഇല്ലാത്തത്‌ ഈ പ്രശ്നം അല്‍പം സങ്കീര്‍ണ്ണമാക്കുന്നു. ആരംഭത്തില്‍ യെഹൂദ റബ്ബിമാരും ശാസ്ത്രിമാരും പിന്നീട്‌ ആദിമ ക്രിസ്ത്യാനികളുമാണ്‌ ഈ വിഷയത്തില്‍ തീരുമാനം എടുത്തത്‌. ഏതു പുസ്തകങ്ങളാണ്‌ വേദപുസ്തകത്തില്‍ ഉള്‍പ്പെടുതതേതണ്ടത്‌ എന്ന്‌ ആത്യന്തീകമായി തീരുമാനിക്കേണ്ടത്‌ ദൈവം തന്നെയാണ്‌. ഒരു പുസ്തകം ദൈവശ്വാസീയമായി എഴുതപ്പെട്ടു കഴിയുമ്പോള്‍ തന്നെ അത്‌ കാനോനില്‍ ഉള്‍പ്പെട്ടു കഴിഞ്ഞിരുന്നു. പിന്നീടു അവ ഏതൊക്കെ ആണെന്ന്‌ തന്റെ അനുയായികള്‍ക്ക്‌ ദൈവം കാണിച്ചുകൊടുക്കുക മാത്രമാണ്‌ ചെയ്തത്‌.

പുതിയ നിയമത്തെ അപേക്ഷിച്ച്‌ ഈ വിഷയത്തില്‍ പഴയനിയമത്തിന്‌ വളരെ കുറച്ച്‌ പ്രശ്നങ്ങളേ ഉണ്ടായിരുന്നുള്ളൂ. ദൈവത്താല്‍ അയയ്ക്കപ്പെട്ടിരുന്ന പ്രവാചകന്‍മാരെ എബ്രായവിശ്വസികള്‍ തിരിച്ചറിഞ്ഞ്‌ അവരുടെ കൃതികള്‍ ദൈവശ്വാസീയം എന്ന്‌ വിശ്വസിച്ചിരുന്നു. ഇതിനര്‍ത്ഥം പഴയ നിയമ പുസ്തകങ്ങളെപ്പറ്റി വിവാദം ഉണ്ടായിരുന്നില്ല എന്നല്ല. എന്നാല്‍ ഏതാണ്ട്‌ കി.മു. 250 നോടടുത്ത്‌ ഏതൊക്കെയാണ്‌ പഴയനിയമത്തില്‍ അംഗീകരിക്കപ്പെട്ട പുസ്തകങ്ങള്‍ എന്നതിനെപ്പറ്റി സര്‍വലൌകീകമായി അവര്‍ ഒരു തീരുമാനത്തില്‍ എത്തിയിരുന്നു. എന്നിരുന്നാലും അപ്പോക്രിഫായെപ്പറ്റി ഇന്നും വിവാദം തീര്‍ന്നിട്ടില്ലല്ലോ. എബ്രയപണ്ഡിതന്‍മാര്‍ അപ്പോക്രിഫയെ ഒരിക്കലും മറ്റുള്ള പുസ്തകങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല എന്നത്‌ മറക്കരുത്‌.

പുതിയനിയമ സഭയുടെ ആരംഭത്തില്‍ തന്നെ പുതിയനിയമ പുസ്തകങ്ങള്‍ അംഗീകരിക്കപ്പെടുവാനും ഓരോന്നായി ചേര്‍ക്കപ്പെടുവാനും തുടങ്ങി. വളരെ ആരംഭത്തില്‍ തന്നെ ചില പുസ്തകങ്ങള്‍ അങ്ങനെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞിരുന്നു. ഉദ്ദാഹരണമായി ലൂക്കോസ്‌ എഴുതിയതിന്‌ പഴയനിയമത്തിന്റെ തുല്യ ആധികാരികത കൊടുത്ത്‌ പൌലൊസ്‌ പറഞ്ഞിട്ടുണ്ട്‌ (1തിമോ.5:18; ഒത്തു നോക്കുക ആവ.25:4 ഉം ലൂക്കോ.10:7 ഉം). പൌലൊസിന്റെ എഴുത്തുകളെ തിരുവചനമായി പത്രോസ്‌ പറഞ്ഞിരിക്കുന്നു (2പത്രോ.3:15,16). പുതിയനിയമത്തിലെ ചില ലേഖനങ്ങള്‍ പല സഭകളില്‍ വായിക്കത്തക്കവണ്ണം പ്രചരിപ്പിച്ചിരുന്നു (കൊലോ.4:16; 1തെസ്സ.5:27). എ.ഡി. 95 ല്‍ റോമിലെ ക്ലെമന്റ്‌ പുതിയനിയമത്തിലെ എട്ടു പുസ്തകങ്ങളെപ്പറ്റി പറഞ്ഞിട്ടുണ്ട്‌. എ.ഡി. 115 ല്‍ അന്ത്യോക്യയിലെ ഇഗ്ന്നാസിയുസ്‌ അവിടെ ഏഴു പുതിയനിയമ പുസ്തകങ്ങള്‍ അംഗീകരിക്കപ്പെട്ടിരുന്നതായി പറയുന്നുണ്ട്‌. എ.ഡി.108 ല്‍, യോഹന്നാന്‍ അപ്പൊസ്തലന്റെ ശിഷ്യനായിരുന്ന പോളികാര്‍പ്പ്‌ പുതിയനിയമത്തിലെ 15 പുസ്തകങ്ങള്‍ അംഗീകരിക്കപ്പെട്ടതായി പറയുന്നുണ്ട്‌. എ.ഡി.185 ല്‍ ഇറേനിയുസ്‌ 21 പുസ്തകങ്ങളും 235 ല്‍ ഹിപ്പൊലിത്തൂസ്‌ 22 പുസ്തകങ്ങളും അംഗീകരിക്കപ്പെട്ട പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. എബ്രായലേഖനം, യാക്കോബിന്റെ ലേഖനം, 2പത്രോസ്‌, 2യോഹന്നാന്‍, 3 യോഹന്നാന്‍ എന്നീ പുസ്തകങ്ങളെപ്പറ്റിയാണ്‌ കൂടുതല്‍ വിവാദങ്ങള്‍ നടന്നിട്ടുള്ളത്‌.

എ. ഡി. 170 ലെ മുറാത്തോറിയന്‍ കാനോന്‍ ആണ്‌ ആദ്യത്തെ "കാനോന്‍" പട്ടിക ആയി ചരിത്രത്തില്‍ രേഖപ്പടുത്തിയിട്ടുള്ളത്‌. പുതിയനിയമത്തിലെ എബ്രായ ലേഖനം, യാക്കോബിന്റെ ലേഖനം, യോഹന്നാന്റെ മൂന്നാം ലേഖനം എന്നിവ ഒഴികെയുള്ള എല്ലാ പുതിയനിയമ പുസ്തകങ്ങളും ആ പട്ടികയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌. എ.ഡി. 363 ല്‍ ലവൊദിക്യയില്‍ വച്ചു നടത്തപ്പെട്ട ആലോചനസഭയില്‍, അപ്പൊക്രിഫ ഉള്‍പ്പെടെയുള്ള പഴയനിയമ പുസ്തകങ്ങളും പുതിയനിയമത്തിലെ 27 പുസ്തകങ്ങളും സഭകളില്‍ വായിക്കാവുന്നതാണ്‌ എന്ന്‌ പ്രഖ്യാപിക്കപ്പെട്ടു. എ.ഡി. 393 ല്‍ ഹിപ്പോയില്‍ വച്ചു നടത്തപ്പെട്ട ആലോചനസഭയിലും, 397 ല്‍ കാര്‍ത്തേജിലെ ആലോചനസഭയിലും ഇന്നത്തെ 27 പുസ്തകങ്ങളുടെ ആധികാരികത ഉറപ്പിക്കപ്പെട്ടു.

ഒരു പുതിയനിയമ പുസ്തകം ദൈവനിശ്വാസീയം ആയിരുന്നുവോ എന്ന്‌ തീരുമാനിക്കുവാന്‍ കൂടിവന്ന ആലോചനസമിതികള്‍ താഴെപ്പറയുന്ന കാര്യങ്ങളാണ്‌ ശ്രദ്ധിച്ചിരുന്നത്‌. 1) പുസ്തകത്തിന്റെ എഴുത്തുകാരന്‍ ഒരു അപ്പൊസ്തലനോ അല്ലെങ്കില്‍ അപ്പൊസ്തലന്റെ സന്തത സഹചാരിയോ ആയിരുന്നുവോ? 2) ക്രിസ്തുവിന്റെ ശരീരമായ സഭ പൊതുവായി അതിനെ അംഗീകരിച്ചിരുന്നുവോ? 3) അതിന്റെ പഠിപ്പിക്കല്‍ പുതിയനിയമ ഉപദേശത്തോട്‌ യോജിച്ചത്‌ ആയിരുന്നുവോ? 4) ദൈവാത്മാവിനാല്‍ എഴുതപ്പെട്ട പുസ്തകങ്ങള്‍്‌ക്കുണ്ടായിരിക്കേണ്ട ആത്മീയവും സാന്‍മാര്‍ഗ്ഗീകവും ആയ നിലവാരം പുസ്തകത്തിന്‌ ഉണ്ടോ? എന്നിവ ആയിരുന്നു. വീണ്ടും പറയട്ടെ. ഏതെങ്കിലും ഒരു പ്രാദേശിക സഭയോ അല്ലെങ്കില്‍ പൊതു സഭയോ അല്ല ഏതൊക്കെ പുസ്തകങ്ങള്‍ ആണ്‌ കാനോനില്‍ ഉള്‍പ്പെടുത്തണം എന്ന്‌ തീരുമാനിച്ചത്‌. മാനുഷീകമായ ആസ്ഥാനമുള്ള ഒരു പൊതു സഭ അന്ന്‌ ഭൂമിയില്‍ ഉണ്ടായിരുന്നില്ലല്ലോ. ആദ്യത്തെ മൂന്നു നൂറ്റാണ്ടുകള്‍ സഭ റോമാ ചക്രവര്‍ത്തിമാരാല്‍ പീഡിപ്പിക്കപ്പെട്ടിരുന്ന കാലങ്ങള്‍ ആയിരുന്നല്ലോ. മുകളില്‍ കണ്ടതുപോലെ രണ്ടാം നൂറ്റാണ്ടിന്റെ ഒടുവില്‍ തന്നെ പുതിയനിയമത്തിന്റ്‌ രൂപീകരണം മിക്കവാറും നടന്നു കഴിഞ്ഞിരുന്നല്ലോ. പുതിയ നിയമത്തില്‍ ഏതെല്ലാം പുസ്തകങ്ങള്‍ ഉണ്ടായിരിക്കണം എന്ന്‌ തീരുമാനിച്ചത്‌ ദൈവം, അതെ ദൈവം മാത്രമായിരുന്നു. ദൈവം തീരുമാനിച്ചിരുന്നത്‌ തന്റെ ജനത്തിനു കാണിച്ചു കൊടുത്തതനുസരിച്ച്‌ പുസ്തകങ്ങള്‍ അംഗീകരിക്കപ്പെടുക മാത്രം ആയിരുന്നു ചെയ്തത്‌. പുതിയനിയമത്തിന്റെ ക്രോഡീകരണത്തില്‍ മാനുഷീക പങ്ക്‌ വളരെ പരിമിതമായിരുന്നു. എന്നാല്‍ ദൈവം തന്റെ സര്‍വശക്തിയാല്‍ മാനുഷീക ദുര്‍ബലതകളേയും ദുര്‍വാശികളേയും അതിജീവിച്ച്‌, ദൈവശ്വാസീയമായ പുസ്തകങ്ങളെ അംഗീകരിക്കുവാന്‍ ആദിമ സഭയെ സഹായിച്ചാണ്‌ പുതിയനിയമം ഇന്നത്തെ രീതിയില്‍ ഒരു പുസ്തക രൂപത്തില്‍ ആയിത്തീര്‍്‌നനതത്‌.



ചോദ്യം: ബൈബിള്‍ പഠിക്കുവാനുള്ള ശരിയായ വഴി എന്താണ്‌?

ഉത്തരം:
ബൈബിള്‍ എന്തു പഠിപ്പിക്കുന്നു എന്ന് വ്യക്തമായി മനസ്സിലാക്കുക എന്നത്‌ ഒരോ വിശ്വാസിയുടേയും പ്രധാന കര്‍ത്തവ്യമാണ്‌. വേദപുസ്തകം വായിക്ക മാത്രം ചെയ്താല്‍ മതി എന്ന് ദൈവം നമ്മോട്‌ പറയുന്നില്ല. സത്യവചനത്തെ ശരിയായി കൈകാര്യം ചെയ്യുവാന്‍ സാധിക്കത്തക്കവണ്ണം അത്‌ നാം പഠിച്ചിരിക്കണം എന്ന് ദൈവം ആഗ്രഹിക്കുന്നു എന്ന് വചനം പറയുന്നു (2തിമോ.2:15). ബൈബിള്‍ ശരിയായി പഠിക്കുന്നതിന്‌ കഠിന പ്രയത്നം ആവശ്യമാണ്‌. ദൃതഗതിയില്‍ ഓടിച്ചു വായിച്ചു വിട്ടാല്‍ പലപ്പോഴും തെറ്റായ നിഗമനങ്ങളില്‍ എത്തിച്ചേരുവാന്‍ സാധ്യതയുണ്ട്‌. അതുകൊണ്ട്‌ തിരുവചനത്തിന്റെ ശരിയായ അര്‍ത്ഥ്ം എന്താണ്‌ എന്ന് മനസ്സിലാക്കുവാന്‍ ഉതകുന്ന സിദ്ധാന്തങ്ങള്‍ എന്തൊക്കെയാണ്‌ എന്ന് അറിഞ്ഞിരിക്കേണ്ടത്‌ വളരെ ആവശ്യമാണ്‌.

ആദ്യമായി, വചനം മനസ്സിലാക്കുവാന്‍ കൃപ ലഭിക്കേണ്ടതിന്‌ പരിശുദ്ധാത്മാവിനോട്‌ പ്രാര്‍ഥിക്കേണ്ട്ത്‌ ഒരു വേദ വിദ്യാര്‍ത്ഥിയുടെ കടമയാണ്‌. "സത്യത്തിന്റെ ആത്മാവു വരുമ്പോള്‍ അവന്‍ നിങ്ങളെ സകല സത്യത്തിലും വഴി നടത്തും. അവന്‍ സ്വന്തമായി സംസാരിക്കാതെ കേള്‍്ക്കുന്നതു സംസാരിക്കയും വരുവാനുള്ളത്‌ നിങ്ങള്‍ക്ക്‌ അറിയിച്ചു തരികയും ചെയ്യും" (യോഹ.16:13) എന്നത്‌ പരിശുദ്ധാത്മാവിന്റെ കര്‍ത്തവ്യമായി പറഞ്ഞിട്ടുണ്ടല്ലൊ. തിരുവചനം എഴുതിയവര്‍ക്ക്‌ അതെഴുതുവാന്‍ കൃപ കൊടുത്തതു പോലെ അത്‌ മനസ്സിലാക്കുവാനുള്ള കഴിവ്‌ പരിശുദ്ധാത്മാവാണ്‌ ഇന്ന് നമുക്കു തരേണ്ടത്‌. ബൈബിള്‍ ദൈവത്തിന്റെ വചനം ആണെന്ന് മറക്കരുത്‌. ദൈവം എന്താണ്‌ ഉദ്ദേശിച്ചിരിക്കുന്നത്‌ എന്ന് അവനോടു തന്നെ ചോദിച്ചു മനസ്സിലാക്കേണ്ടതാണ്‌. നിങ്ങള്‍ ഒരു രക്ഷിക്കപ്പെട്ട വ്യക്തി ആണെങ്കില്‍, വചനത്തിന്റെ രചയിതാവായ പരിശുദ്ധാത്മാവ്‌ നിങ്ങളില്‍ തന്നെ അധിവസിക്കുന്നുണ്ടല്ലോ. താന്‍ എന്താണ്‌ എഴുതിയിരിക്കുന്നത്‌ എന്ന് നിങ്ങള്‍ അറിയണം എന്ന് അവന്‍ ആഗ്രഹിക്കുന്നു.

രണ്ടാമതായി, ഒരു വാക്യത്തെ അതിന്റെ പശ്ചാത്തലത്തില്‍ നിന്ന് പിഴുതെടുത്ത്‌ അതിന്റെ അര്‍ത്ഥം മനസ്സിലാക്കുവാന്‍ ഒരിക്കലും ശ്രമിക്കരുത്‌. ഒരു വാക്യത്തിന്റെ ചുറ്റിലുമുള്ള വാക്യങ്ങളും അദ്ധായങ്ങളും മുഴുവന്‍ വായിച്ച്‌ ആ വാക്യത്തിന്റെ പശ്ചാത്തലം പൂര്‍ണ്ണമായി മനസ്സിലാക്കേണ്ടത്‌ ആവശ്യമാണ്‌. എല്ലാ തിരുവെഴുത്തും ദൈവനിശ്വാസീയമാണ്‌ (2തിമോ.3:16; 2പത്രോ.1:21). എന്നാല്‍ അത്‌ എഴുതുവാന്‍ ദൈവം വ്യത്യസ്ത മനുഷരെയാണ്‌ ഉപയോഗിച്ചത്‌. എഴുതിയവര്‍ പ്രത്യേക സാഹചര്യങ്ങളില്‍, പ്രത്യേക ഉദ്ദേശത്തോടു കൂടി, പ്രത്യേക വിഷയങ്ങളെപ്പറ്റിയാണ്‌ എഴുതിയത്‌. അതുകൊണ്ട്‌ ഒരു വാക്യത്തെപ്പറ്റി പഠിക്കുമ്പോള്‍ ആ വാക്യം ഉള്‍പ്പെട്ടിരിക്കുന്ന പുസ്തകം ആര്‌, ആര്‍ക്കുവേണ്ടി, ഏതു സാഹചര്യത്തില്‍, എന്ത്‌ ഉദ്ദേശത്തിനുവേണ്ടി എഴുതിയതാണ്‌ എന്നു മനസ്സിലാക്കി വേണം ആ വാക്യത്തിന്റെ അര്‍ത്ഥം നിര്‍ണ്ണയിക്കുവാന്‍. ഭാഷയുടെ ശൈലിയും, വ്യാകരണവും, ഉപയോഗിച്ചിരിക്കുന്ന വാക്കുകളും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌. കഴിയുമെങ്കില്‍ മൂലഭാഷയിലെ വാക്കുകളുടെ അര്‍ത്ഥവും വ്യാകരണവും മറ്റും കണക്കിലെടുത്തു വേണം ഒരു വാക്യത്തിന്റെ അര്‍ത്ഥം നിര്‍ണ്ണയിക്കുവാന്‍ ശ്രമിക്കേണ്ടത്‌. നമ്മുടെ ആശയങ്ങള്‍ വചനത്തില്‍ തിരുകി കയറ്റുന്നത്‌ കഴിയുന്നത്ര ഒഴിവാക്കേണ്ടതാണ്‌.

മൂന്നാമതായി, മറ്റുള്ള വേദപഠിതാക്കളുടെ പഠനങ്ങള്‍ നാം ശ്രദ്ധിക്കേണ്ടതാണ്‌. ഒരു ജീവിതകാലം മുഴുവന്‍ വചന പഠനത്തിനായി മാറ്റിവച്ച അനേകരില്‍ നിന്ന് നമുക്ക്‌ ഒന്നും പഠിക്കുവാന്‍ ഇല്ല എന്ന് ആരെങ്കിലും ചിന്തിക്കുന്നത്‌ മൂഡത്വമാണ്‌. ചിലര്‍ തെറ്റായി ചിന്തിക്കുന്നത്‌ വചന പഠനത്തിന്‌ പരിശുദ്ധാത്മാവിനെ മാത്രമേ ആശ്രയിക്കയുള്ളൂ എന്നാണ്‌. എന്നാല്‍ പരിശുദ്ധാത്മാവാണല്ലോ സഭയ്ക്ക്‌ കൃപാവരമായി ഉപദേഷ്ടാക്കന്‍മാരെ കൊടുത്തിരിക്കുന്നത്‌ (എഫേ.4:11,12; 1കൊരി.12:28). വചനം ശരിയായി പഠിപ്പിച്ച്‌ നമ്മെ ക്രിസ്തുവില്‍ വളര്‍ത്തുവാന്‍ വേണ്ടിയാണ്‌ സഭയ്ക്ക്‌ ഉപദേഷ്ടാക്കന്‍മാരെ കൊടുത്തിരിക്കുന്നത്‌ എന്നത്‌ മറക്കരുത്‌. മറ്റുള്ള വിശ്വാസികളുമായി സഹകരിച്ച്‌ സത്യങ്ങള്‍ മനസ്സിലാക്കുവാന്‍ അന്വേന്യം സഹായിച്ച്‌ മനസ്സിലാക്കിയ സത്യങ്ങള്‍ ജീവിതത്തില്‍ പ്രായോഗികമാക്കുവാന്‍ നാം ഒരുമിച്ച്‌ ശ്രമിക്കേണ്ടതാണ്‌.



ചോദ്യം: സത്യവേദപുസ്തകം ദൈവശ്വാസീയമാണ്‌ എന്നു പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം എന്താണ്‌?

ഉത്തരം:
വേദപുസ്തകം ദൈവശ്വാസീയമാണ്‌ എന്ന്‌ വേദപുസ്തകം പറയുമ്പോള്‍ അതിന്റെ അര്‍ത്ഥം, വേദപുസ്തകം എഴുതിയ ആളുകളെ ദൈവം അത്ഭുതമായി സ്വാധീനിച്ചതിന്റെ ഫലമായി ദൈവം ഉദ്ദേശിച്ച വാക്കുകള്‍ മാത്രം വേദപുസ്തകത്തില്‍ എഴുതുവാന്‍ അവര്‍ക്ക്‌ സാധിച്ചു എന്നാണ്‌. പ്രചോദനം (inspiration) എന്ന വാക്കിന്റെ വേദപുസ്തകത്തിലെ അര്‍ത്ഥം "ദൈവശ്വാസീയം" എന്നാണ്‌. ദൈവശ്വാസീയം എന്നു പറഞ്ഞാല്‍, മറ്റെല്ലാ പുസ്തകങ്ങളില്‍ നിന്നും വിഭിന്നമായി വാസ്തവത്തില്‍ ബൈബിള്‍ ദൈവത്തിന്റെ വചനം ആണെന്നും അതുകൊണ്ട്‌ വേദപുസ്തകം അതുല്യമാണ്‌ എന്നുമാണ്‌ അതിന്റെ അര്‍ത്ഥം.

ബൈബിളിന്റെ ദൈവശ്വാസീയതയുടെ വ്യാപ്തിയെപ്പറ്റി പല അഭിപ്രായങ്ങള്‍ നിലവില്‍ ഉണ്ടെങ്കിലും, വേദപുസ്തകം അവകാശപ്പെടുന്നത്‌ അതിന്റെ എല്ലാ ഭാഗത്തുമുള്ള ഓരോ വാക്കുകളും ദൈവശ്വാസീയം ആണ്‌ എന്നു തന്നെയാണ്‌ (1കൊരി.2:12-13; 2തിമോ.3:16,17). ഈ വാദഗതിക്ക്‌ "മുഴുവന്‍ വാക്കുകള്‍" നിശ്വാസീയത (verbal plenary inspiration) എന്നാണ്‌ അറിയപ്പെടുന്നത്‌. ഇതിന്റെ അര്‍ത്ഥം ബൈബിളിലെ വെറും ആശയങ്ങള്‍ മാത്രമല്ല മൂലഭാഷയിലുള്ള ഓരോ വാക്കുകള്‍ വരെ ദൈവശ്വാസീയമാണെന്നും, ബൈബിളിന്റെ എല്ലാഭാഗത്തുമുള്ള എല്ലാ വാക്കുകളും ദൈവനിയോഗത്താല്‍ എഴുതപ്പെട്ടവയാണെന്നും ആണ്‌. ചിലര്‍ വിശ്വസിക്കുന്നത്‌ ബൈബിളിലെ ആശയങ്ങള്‍ മാത്രം അല്ലെങ്കില്‍ ആത്മീയ ചിന്താഗതികള്‍ മാത്രം ദൈവശ്വാസീയമാണ്‌ എന്നാണ്‌. എന്നാല്‍ വേദപുസ്തകം അങ്ങനെ അല്ല പറയുന്നത്‌. ദൈവവചനത്തിലെ മുഴുവന്‍ വാക്കുകളും ദൈവശ്വാസീയം ആയിരിക്കേണ്ടത്‌ ദൈവവചനത്തിന്റെ അത്യാവശ്യ ഗുണമാണ്‌.

ദൈവശ്വാസീയതയുടെ വ്യാപ്തിയെപ്പറ്റി പരാമര്‍ശിച്ചിരിക്കുന്ന ഒരു വേദഭാഗം 2 തിമോ.3:16,17 ആണ്‌. അത്‌ ഇങ്ങനെയാണ്‌. "എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകയാല്‍ ദൈവത്തിന്റെ മനുഷന്‍ സകല സല്‍്പ്രവര്‍ത്തികള്‍്‌ക്കും വക പ്രാപിച്ച്‌ തികഞ്ഞവന്‍ ആകേണ്ടതിന്‌ ഉപദേശത്തിനും, ശാസനത്തിനും, ഗുണീകരണത്തിനും, നീതിയിലെ അഭ്യസനത്തിനും പ്രയോജനമുള്ളത്‌ ആകുന്നു." എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാണെന്നും അത്‌ നമുക്കു പ്രയോജനമുള്ളത്‌ ആണെന്നും ഈ വാക്യം പറയുന്നു. വേദപുസ്തകത്തിലെ ആദ്ധ്യാത്മീക ചിന്തകള്‍ ഉള്ള ഭാഗങ്ങള്‍ മാത്രമല്ല, ഉല്‍പത്തി തുടങ്ങി വെളിപ്പാടു വരെയുള്ള സകല വേദഭാഗങ്ങളിലേയും എല്ലാ വാക്കുകളും ദൈവത്താല്‍ നിശ്വസിക്കപ്പെട്ടവ ആണ്‌. ദൈവവചനം ദൈവശ്വാസീയം ആയതുകൊണ്ട്‌ മനുഷനും ദൈവവുമായുള്ള ബന്ധത്തെപ്പറ്റി പഠിപ്പിക്കുവാനും, മറ്റു ഉപദേശങ്ങള്‍്‌ക്കും ബൈബിളിനു മാത്രം ആധികാരീകത ഉണ്ട്‌. മാത്രമല്ല മനുഷരെ രൂപാന്തരപ്പെടുത്തി അവരെ ദൈവത്തിന്റെ മുന്‍പില്‍ "പരിപൂര്‍ണ്ണരായി" നിര്‍ത്തുവാന്‍ ദൈവവചനത്തിന്‌ കഴിവുണ്ടെന്ന്‌ ബൈബിള്‍ തന്നെ അവകാശപ്പെടുന്നുമുണ്ട്‌. ഇതിനപ്പുറം നമുക്ക്‌ എന്താണ്‌ വേണ്ടത്‌?

തിരുവചനത്തിന്റെ ദൈവശ്വാസീയതയെപ്പറ്റി പറഞ്ഞിരിക്കുന്ന മറ്റൊരു വേദഭാഗം 2പത്രോ.1:21 ആണ്‌. അതിപ്രകാരം ആണ്‌. "പ്രവചനം ഒരിക്കലും മനുഷന്റെ ഇഷ്ടത്താല്‍ വന്നതല്ല, ദൈവകല്‍പനയാല്‍ മനുഷര്‍ പരിശുദ്ധാത്മ നിയോഗം പ്രാപിച്ചിട്ട്‌ സംസാരിച്ചതത്രേ". വ്യത്യസ്ത ആളത്വങ്ങള്‍ ഉള്ളതും, വ്യത്യസ്ത സാഹചര്യങ്ങളില്‍ ജീവിച്ചിരുന്നവരും ആയ മനുഷരെയാണ്‌ തന്റെ വചനം എഴുതുവാന്‍ ദൈവം ഉപയോഗിച്ചതെങ്കിലും, പരിശുദ്ധാത്മ നിയോഗത്താല്‍ അവര്‍ എഴുതിയത്‌ ദൈവത്തിന്റെ വാക്കുകള്‍ തന്നെ ആയിരുന്നു എന്ന്‌ ഈ വാക്യം നമ്മെ പഠിപ്പിക്കുന്നു. മാത്രമല്ല തിരുവചനത്തിന്റെ എല്ലാ വാക്കുകളും ദൈവശ്വാസീയം ആയിരുന്നു എന്ന്‌ യേശുകര്‍ത്താവു തന്നെ പറഞ്ഞിട്ടുണ്ട്‌. "ഞാന്‍ ന്യായപ്രമാണത്തേയോ പ്രവാചകന്‍മാരേയോ നീക്കേണ്ടതിന്‌ വന്നു എന്ന്‌ നിങ്ങള്‍ നിരൂപിക്കരുത്‌. നീക്കുവാനല്ല, നിവര്‍ത്തിപ്പാനത്രേ വന്നത്‌. സത്യമായിട്ടു ഞാന്‍ നിങ്ങളോടു പറയുന്നു ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും വരെ സകലവും നിവര്‍ത്തി ആകുവോളം ന്യായപരരമാണത്തില്‍ നിന്ന്‌ ഒരു വള്ളി എങ്കിലും ഒരു പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞു പോകയില്ല" (മത്താ.5:17-18). ന്യായപ്രമാണവും പ്രവാചകന്‍മാരുടെ പുസ്തകങ്ങളും ദൈവ വചനം ആയതു കൊണ്ട്‌ ഈ വാക്യങ്ങളില്‍ ദൈവവചനത്തിലെ ഓരോ വള്ളിയ്ക്കും ഓരോ പുള്ളിയ്ക്കും കര്‍ത്തവ്‌ പ്രാധാന്യം കൊടുത്ത്‌ അവയുടെ ആധികാരികത ഉറപ്പിക്കുകയും അവ ഒഴിഞ്ഞു പോകയില്ല എന്ന് പറഞ്ഞിരിക്കുകയുമാണ്‌.

ബൈബിള്‍ ദൈവശ്വാസീയമായ തിരുവചനം ആയതുകൊണ്ട്‌ അത്‌ അപ്രമാദവും ആധികാരികത ഉള്ളതും ആണെന്ന് നമുക്കു ഉറപ്പായി വിശ്വസിക്കാം. ദൈവത്തെപ്പറ്റിയുള്ള നമ്മുടെ ശരിയായ വീക്ഷണം ദൈവവചനത്തെപ്പറ്റിയുള്ള ശരിയായ വീക്ഷണത്തിലേയ്ക്ക്‌ നമ്മെ നയിക്കുന്നു. ദൈവം സര്‍വശക്തനും, സര്‍വജ്ഞാനിയും, അപ്രമാദിത്വം ഉള്ളവനും ആയതുകൊണ്ട്‌ പ്രകൃത്യാ തന്നെ തന്റെ വചനത്തിനും ഇതേ ഗുണങ്ങള്‍ ഉണ്ടായിരിക്കും. ബൈബിള്‍ ദൈവശ്വാസീയമാണ്‌ എന്ന് പഠിപ്പിക്കുന്ന അതേ വേദഭാഗങ്ങള്‍ തന്നെ ബൈബിള്‍ അപ്രമാദവും ആധികാരികത ഉള്ളതും ആണെന്നു നമ്മെ പഠിപ്പുക്കുന്നു. സംശയലേശമെന്യെ, ബൈബിള്‍ അതുതന്നെ അവകാശപ്പെടുന്നതു പോലെ മനുഷവര്‍ഗ്ഗത്തിനു വേണ്ടി ദൈവത്താല്‍ നിശ്വസിക്കപ്പെട്ട അവന്റെ അപ്രമാദവും ആധികാരികത ഉള്ളതുമായ തിരുവചനം തന്നെയാണ്‌.



ചോദ്യം: നാം എന്തിനുവേണ്ടിയാണ്‌ ബൈബിള്‍ വായിക്കുന്നത്‌/പഠിക്കുന്നത്‌?

ഉത്തരം:
വേദപുസ്തകം ദൈവത്തിന്റെ വചനം ആയതുകൊണ്ട്‌ അത്‌ പതിവായി നാം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത്‌ ആവശ്യമാണ്‌. സത്യവേദപുസ്തകം യധാര്‍ത്ഥമായി ദൈവശ്വാസീയമാണ്‌ എന്ന് നാം വായിക്കുന്നു (2തിമോ.3:16). വേറൊരു രീതിയില്‍ പറഞ്ഞാല്‍ നമ്മോടുള്ള ദൈവത്തിന്റെ വാക്കുകള്‍ ആണ്‌ വേദപുസ്തകതില്‍ കാണുന്നത്‌. പല തത്വചിന്തകന്‍മാരും ഉന്നയിച്ചിട്ടുള്ള അനേക ചോദ്യങ്ങള്‍ക്കു ദൈവം തരുന്ന ഉത്തരങ്ങള്‍ ആണ്‌ ബൈബിളില്‍ കാണുന്നത്‌. മനുഷ ജീവിതത്തിന്റെ ഉദ്ദേശം എന്താണ്‌? നാം എവിടെ നിന്നു വന്നു? മരണത്തിനു ശേഷം എന്തു സംഭവിക്കുന്നു? സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള വഴി ഏതാണ്‌? ഈ ലോകത്തില്‍ ഇത്ര തിന്‍മകള്‍ സംഭവിക്കുന്നതു എന്തുകൊണ്ടാണ്‌? നന്‍മ ചെയ്യുവാന്‍ മനുഷന്‌ ബുദ്ധിമുട്ടായിരിക്കുന്നതിന്റെ കാരണം എന്താണ്‌? ഇങ്ങനെയുള്ള പല വിഷമം പിടിച്ച ചോദ്യങ്ങളുടെ ഉത്തരം മാത്രമല്ല അനുദിന ജീവിതത്തിലെ അനേക പ്രായോഗീക പ്രശ്നങ്ങള്‍ക്കും വേദപുസ്തകത്തില്‍ ഉത്തരം ഉണ്ട്‌. ഉദ്ദാഹരണമായി ഒരു വിജയകരമായ കുടുംബ ജീവിതം എങ്ങനെ സാധിതമാക്കാം? ഒരു ഉത്തമ മാതാവോ പിതാവോ ആയിരിക്കുന്നത്‌ എങ്ങനെയാണ്‌? ജീവിത സാഫല്യം എങ്ങനെ കൈവരിക്കാം? എന്റെ ജീവിതത്തെ എങ്ങനെ നല്ല വഴിയില്‍ തിരിക്കാം? ജീവിതത്തിന്റെ മൂല്യം എന്താണ്‌? ഒരിക്കലും ദുഃഖിക്കുവാന്‍ ഇടയില്ലാത്ത രീതിയില്‍ എങ്ങനെ ജീവിക്കാം? ജീവിതത്തിലെ ദുഃഖകരവും വിഷമം നിറഞ്ഞതുമായ സാഹചര്യങ്ങളില്‍ എങ്ങനെ ജയജീവിതം സാധിക്കാം? എന്നിങ്ങനെ ദൈന്യം ദിന ജീവിതത്തെ ധന്യമാക്കുവാനുള്ള വഴികളും വേദപുസ്തകത്തില്‍ ഉണ്ട്‌.

വേദപുസ്തകം പരിപൂര്‍ണ്ണമായി വിശ്വസനീയവും അപ്രമാദവും ആയതു കൊണ്ട്‌ നാം വേദപുസ്തകം വായിക്കേണ്ടതാണ്‌. മറ്റു പല 'വിശുദ്ധ' ഗ്രന്ഥങ്ങളെപ്പോലെ വെറും സാരോപദേശങ്ങള്‍ മാത്രം അടങ്ങിയ പുസ്തകമല്ല ബൈബിള്‍. ബൈബിളിലെ അനേക പ്രവചനങ്ങളും ചരിത്ര രേഖകളും ബൈബിളിന്റെ വിശ്വസനീയതയെ ഉറപ്പാക്കുന്നു. ബൈബിളില്‍ പ്രമാദങ്ങള്‍ ഉണ്ട്‌ എന്നു പറയുന്നവര്‍ വാസ്ഥവത്തില്‍ അവരുടെ കാതുകള്‍ അടച്ചുപിടിച്ചിരിക്കുകയാണ്‌. ഒരിക്കല്‍ യേശു കര്‍ത്താവ്‌ ഇങ്ങനെ ചോദിച്ചു: "പക്ഷവാതക്കാരനോട്‌ നിന്റെ പാപങ്ങള്‍ ക്ഷമിച്ചുതന്നിരിക്കുന്നു എന്നു പറയുന്നതോ (അത്‌ ആര്‍ക്കും കണ്ടുമനസ്സിലാക്കുവാന്‍ കഴിയുന്നതല്ലല്ലൊ), എഴുന്നേറ്റു കിടക്ക എടുത്തു നടക്ക എന്നു പറയുന്നതോ (അതു കണ്ടു മനസ്സിലാക്കാമല്ലൊ), ഏതാകുന്നു എളുപ്പം" (മര്‍ക്കോ.2:9). അതിനു ശേഷം പാപങ്ങള്‍ ക്ഷമിക്കുവാന്‍ തനിക്ക്‌ അധികാരം ഉണ്ട്‌ എന്ന് കാണിക്കുവാന്‍ പക്ഷവാതക്കാരനോട്‌ കിടക്ക എടുത്തു നടക്ക എന്നു പറഞ്ഞു അവനെ സുഖമാക്കി. അതുപോലെ വേദപുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന അനേക ആത്മീയ കാര്യങ്ങള്‍ ഒരിക്കലും തെളിയിക്കുവാന്‍ കഴിയുന്നതല്ല. എങ്കിലും അവ വിശ്വസനീയം എന്ന് മനസ്സിലാക്കുവാന്‍ കഴിയുന്നത്‌ ബൈബിളില്‍ പറഞ്ഞിരിക്കുന്ന ചരിത്രപരവും, പരേവചനപരവും, വിജ്ഞാനീയവുമായ കാര്യങ്ങള്‍ വിശ്വസനീയം എന്ന് തെളിയിക്കുവാന്‍ സാധിക്കുന്നതു കൊണ്ടാണ്‌.

ദൈവത്തിന്റെ ഗുണാതിശയങ്ങളും മനുഷന്റെ പ്രകൃതിയും ബൈബിള്‍ എഴുതിയ കാലത്തെന്നപോലെ മാറ്റമില്ലാതിരിക്കുന്നതിനാല്‍ നാം ബൈബിള്‍ വായിക്കേണ്ടതാണ്‌. അതുകൊണ്ട്‌ ബൈബിള്‍ എഴുതിയ കാലത്തെന്നപോലെ ഇന്നും ബൈബിളിനു പ്രസക്തി ഉണ്ട്‌. മനുഷന്‍ ശാസ്ത്രീയമായി വളരെ അഭിവൃദ്ധി പ്രാപിച്ചിട്ടുണ്ടെന്നത്‌ സത്യം തന്നെ. എന്നാല്‍ മനുഷന്റെ പ്രകൃതിക്കോ മനുഷന്റെ ആഗ്രഹങ്ങള്‍ക്കോ ഒരിക്കലും മാറ്റം വന്നിട്ടില്ല. സഭാപ്രസംഗി 1:9 പറയുന്നതുപോലെ മനുഷബന്ധങ്ങളില്‍ "സൂര്യനു കീഴില്‍ പുതുതായി യാതൊന്നും ഇല്ല" എന്നത്‌ മറുക്കാനാവാത്ത സത്യമാണ്‌. മനുഷന്‍ അന്നും ഇന്നും സ്നേഹവും സംതൃപ്തിയും തെറ്റായ സ്ഥലങ്ങളില്‍ അന്വേഷിച്ചുകൊണ്ടിരിക്കയാണ്‌. നല്ലവനും കൃപാലുവുമായ നമ്മുടെ സൃഷ്ടാവ്‌ തന്റെ വചനത്തില്‍ കൂടെ യധാര്‍ത്ഥ സന്തോഷത്തിനുള്ള വഴി പറഞ്ഞിരിക്കുകയാണ്‌. "മനുഷന്‍ അപ്പം കൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായില്‍ കൂടി വരുന്ന സകല വചനം കൊണ്ടും ജീവിക്കുന്നു" (മത്താ.4:4) എന്ന് യേശുകര്‍ത്താവ്‌ പറഞ്ഞപ്പോള്‍, വെളിപ്പെടുത്തപ്പെട്ട ദൈവവചനത്തിന്റെ പ്രാധാന്യം അവന്‍ നമുക്ക്‌ മനസ്സിലാക്കി തരികയായിരുന്നു. എന്നു പറഞ്ഞാല്‍ ദൈവം ഉദ്ദേശിച്ചതുപോലെ നാം ജീവിതം പരമാവധി ആസ്വദിക്കണമെങ്കില്‍ ദൈവവചനം കൂടാതെ അത്‌ ഒരിക്കലും സാധിക്കയില്ല എന്നര്‍ത്ഥം.

അനേക ദുരുപദേശങ്ങള്‍ നിലവില്‍ ഉള്ളതുകൊണ്ട്‌ നാം ബൈബിള്‍ പഠിക്കേണ്ട ആവശ്യമുണ്ട്‌. നന്‍മയെയും തിന്‍മയെയും തമ്മില്‍ തിരിച്ചറിയുവാനുള്ള മാനദണ്ഡമാണ്‌ സത്യവേദപുസ്തകം. ദൈവം എങ്ങനെയുള്ളവന്‍ ആണെന്ന് ബൈബിള്‍ നമ്മെ പഠിപ്പിക്കുന്നു. ദൈവത്തെപ്പറ്റി ശരിയായ അറിവില്ലാത്തവര്‍ വിഗ്രഹങ്ങളെ ആരാധിക്കുകയോ ദൈവമല്ലാത്ത ദൈവങ്ങളെ ആരാധിക്കുകയോ ചെയ്യുവാന്‍ ഇടയാകുന്നു. ദൈവമല്ലാത്ത ദൈവങ്ങളെ അനേകര്‍ ആരാധിക്കുന്നതിനു കാരണം അവര്‍ ബൈബിളിനെ വിലമതിക്കാത്തതുകൊണ്ടു മാത്രമാണ്‌. ഒരുവന്‍ സ്വര്‍ഗ്ഗരാജ്യത്തിന്‌ അവകാശി ആകുവാനുള്ള വഴി സല്‍ക്കര്‍മ്മങ്ങളിലൂടെയോ, കര്‍മ്മ കൂദാശകളില്‍ കൂടെയോ, മറ്റേതെങ്കിലും നാം ചെയ്യുന്ന പ്രവര്‍ത്തിയാലോ അല്ല എന്ന് ബൈബിള്‍ വ്യക്തമാക്കിത്തരുന്നു (യോഹ.14:6; എഫ്‌.2:1-10; യെശ.53:6; റോമ.3:10-18;5:8; 6:23; 10:9-13). അങ്ങനെ ദൈവം നമ്മെ എത്രകണ്ട്‌ സ്നേഹിക്കുന്നു എന്ന് വേദപുസ്തകം വെളിപപെെടുത്തിയിരിക്കുന്നു (റോമ.5:6-8; യോഹ.3:16). ഈ സത്യങ്ങള്‍ നാം മനസ്സിലാക്കുമ്പോള്‍ നാം ദൈവത്തെ സ്നേഹിക്കുവാന്‍ പ്രേരിപ്പിക്കപ്പെടുന്നു (1യോഹ.4:19).

മാത്രമല്ല ദൈവത്തെ സേവിക്കുവാന്‍ വേദപുസ്തകം നമ്മെ പ്രാപ്തിപ്പെടുത്തുന്നു (2തിമോ.3:17; എഫെ.6:17; എബ്രാ.4:12). പാപത്തില്‍ നിന്നും അതിന്റെ പരിണിതഫലങ്ങളില്‍ നിന്നും എങ്ങനെ വിടുതല്‍ പ്രാപിക്കാം എന്ന് വേദപുസ്തകം നമ്മെ പഠിപ്പിക്കുന്നു (2 തിമോ.3:15). ദൈവവചനം അനുദിനം ധ്യാനിക്കുകയും അതിലെ കല്‍പനകളെ അനുസരിക്കയും ചെയ്യുന്നവര്‍ ജീവിതസാഫല്യത്തില്‍ എത്തിച്ചേരും എന്നതില്‍ സംശയമില്ല (യോശു.1:8; യാക്കോ.1:25). നമ്മുടെ ജീവിതത്തില്‍ പാപത്തെ കണ്ടറിയുവാനും പാപത്തെ അതിജീവിക്കുവാനും ദൈവവചനം നമ്മെ സഹായിക്കുന്നു (സങ്കീ.119:9, 11). നമ്മുടെ ഗുരുക്കന്‍മാരെക്കാള്‍ നമ്മെ ബുദ്ധിമാന്‍മാരാക്കി മറ്റി വേദപുസ്തകം നമ്മുടെ ജീവിതത്തെ നല്ലപാതയില്‍ തിരിച്ചുവിടുന്നു (സങ്കീ.32:8; 110:99; സദൃ.1:6). സശ്വരമായ കാര്യങ്ങള്‍ക്കായി നമ്മുടെ ജീവിതം പാഴാക്കുവാന്‍ അനുവദിക്കാതെ വേദപുസ്തകം നമ്മെ സൂക്ഷിക്കുന്നു (മത്താ.7:24-27).

വേദപുസ്തകത്തിലെ അനേകരുടെ ജീവിതാനുഭവങ്ങളില്‍ കൂടെ പാപത്തിന്റെ പരിണിതഫലങ്ങളെപ്പറ്റി നമുക്കു മനസ്സിലാക്കാവുന്നതാണ്‌. പാപത്തിന്റെ തല്‍ക്കാല ഭോഗങ്ങളില്‍ അടങ്ങിയിരിക്കുന്ന, നമ്മെ നശിപ്പിക്കുന്ന ചൂണ്ടല്‍കളെ കണ്ടറിഞ്ഞ്‌ അവയില്‍ അകപ്പെടാതെ വേദപുസ്തകപഠനം നമ്മെ സൂക്ഷിക്കുന്നു. അനുഭവമാണ്‌ ഏറ്റവും വലിയ അദ്ധ്യാപകന്‍ എന്നു പറയാറുണ്ട്‌. എന്നാല്‍ പാപം എന്ന അനുഭവം അതിക്രൂരനായ അദ്ധ്യാപകനാണ്‌. അതുകൊണ്ട്‌ മറ്റുള്ളവരുടെ അനുഭവങ്ങളില്‍ നിന്ന് നാം പഠിക്കുന്നതാണ്‌ ഏറ്റവും ഉത്തമം. അനേകരുടെ ജീവിതാനുഭവങ്ങള്‍ നമ്മുടെ മിക്ക സാഹചര്യങ്ങളിലും നമുക്ക്‌ പിന്‍പര്‍റ്റുവാന്‍ പാടില്ലാത്ത അല്ലെങ്കില്‍ പിന്‍പറ്റുവാന്‍ സാധിക്കുന്ന മാതൃകകളായി വേദപുസ്തകം അവതരിപ്പിച്ചിട്ടുണ്ട്‌. ഉദ്ദാഹരണമായി ദാവീദിന്റെ ജീവിതം തന്നെ എടുക്കുക. ഗോല്യാത്തിന്റെ മുന്‍പിലെ ദാവീദ്‌ നമ്മെ പഠിപ്പിക്കുന്നത്‌ ജീവിതത്തിലെ ഏതു ഭയാനകമായ സാഹചര്യങ്ങളേയും ദൈവാശ്രയത്താല്‍ നമുക്ക്‌ ജയിക്കാം എന്ന സത്യമാണ്‌ (1ശമു.17). അതേ സമയം ബെത്ത്ശബയുമായുള്ള വ്യഭിചാരം നമ്മെ പഠിപ്പിക്കുന്നത്‌ പാപം നമ്മുടെ ജീവിതത്തിലും വിനാശങ്ങളെ വരുത്തി വെയ്കും എന്ന സത്യമാണ്‌ (2ശമു.11).

വെറുതെ വായിച്ചുവിടേണ്ട ഒരു പുസ്തകമലലയ ബൈബിള്‍. പഠിച്ച്‌ ജീവിതത്തില്‍ അഭ്യസിക്കേണ്ട പുസ്തകമാണ്‌ വേദപുസ്തകം. നാം കഴിക്കുന്ന ആഹാരം ദഹിച്ച്‌ നമ്മുടെ ശരീരത്തിന്റെ ഭാഗമായിത്തീരേണ്ടതുപോലെ വേദപുസ്തകപഠനവും നമ്മുടെ ആത്മീയജീവിതത്തെ പുഷ്ടിപ്പെടുത്തേണ്ടതാണ്‌. വേദപുസ്തകം ദൈവത്തിന്റെ വചനമാണ്‌. അതുകൊണ്ട്‌ പ്രകൃതിനിയമങ്ങള്‍ക്ക്‌ അധീനരായി നാം ജീവിക്കേണ്ടതു പോലെ തന്നെ ബൈബിളില്‍ വെളിപ്പെടുത്തിയിരിക്കുന്ന ആത്മീയ നിയമങ്ങള്‍ക്കും നാം കീഴ്പ്പട്ടിരിക്കേണ്ടവരാണ്‌. ഭൂമിയുടെ ആകര്‍ഷണശക്തിയെ വെല്ലുവിളിച്ചുകൊണ്ട്‌ ആര്‍ക്കും ജീവിക്കുവാന്‍ സാധിക്കയില്ലല്ലോ. അതുപോലെ തന്നെയാണിതും. ഇത്രയും പറഞ്ഞതില്‍ നിന്ന് ഇതിന്റെ പ്രാധാന്യം മനസ്സിലായിരിക്കുമല്ലൊ. വേദപഠനത്തെ സ്വര്‍ണ്ണം ഖനനം ചെയ്യുന്നതിനോടു തരതമ്യപ്പെടുത്താവുന്നതാണ്‌. ആഴത്തില്‍ നിന്ന് കുഴിച്ചെടുത്ത മണ്ണില്‍ നിന്ന് സ്വര്‍ണ്ണം തെരഞ്ഞു കണ്ടുപിടിക്കുന്നത്‌ എത്ര ശ്രമകരം എങ്കിലും പ്രയോജനകരം എന്നതുപോലെ ബൈബിള്‍ പഠനവും പ്രയോജനകരമാകുന്നത്‌ അതിലെ ആഴമുള്ള സത്യങ്ങള്‍ മനസ്സിലാക്കുമ്പോള്‍ മാത്രമാണ്‌.