THE BOOK OF PSALMS
സങ്കീർത്തനങ്ങൾ
ഒന്നാം പുസ്തകം.
സങ്കീർത്തനം.1
ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും
പാപികളുടെ വഴിയിൽ നില്ക്കാതെയും
പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും
യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ച്
അവന്റെ ന്യായപ്രമാണം രാവും പകലും ധ്യാനിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ.
അവൻ, നദീതീരത്ത് നട്ടിരിക്കുന്നതും
തക്കകാലത്ത് ഫലം കായ്ക്കുന്നതും
ഇലവാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും;
അവൻ ചെയ്യുന്നതെല്ലാം അഭിവൃദ്ധി പ്രാപിക്കും.
ദുഷ്ടന്മാർ അങ്ങനെയല്ല;
അവർ കാറ്റു പറത്തിക്കളയുന്ന പതിരു പോലെയാകുന്നു.
ആകയാൽ ദുഷ്ടന്മാർ ന്യായവിസ്താരത്തിലും
പാപികൾ നീതിമാന്മാരുടെ സഭയിലും നിവിർന്നുനില്ക്കുകയില്ല.
യഹോവ നീതിമാന്മാരുടെ വഴി അറിയുന്നു;
ദുഷ്ടന്മാരുടെ വഴിയോ നാശകരം ആകുന്നു.