സംഗീതപ്രമാണിക്ക്; സാരസസാക്ഷ്യം എന്ന രാഗത്തിൽ; ആസാഫിന്റെ ഒരു സങ്കീർത്തനം.
1ആട്ടിൻകൂട്ടത്തെപ്പോലെ യോസേഫിനെ നടത്തുന്ന
യിസ്രായേലിന്റെ ഇടയനായുള്ള യഹോവേ, ചെവിക്കൊള്ളണമേ;
കെരൂബുകളിന്മേൽ അധിവസിക്കുന്നവനേ, പ്രകാശിക്കണമേ.
2എഫ്രയീമും ബെന്യാമീനും മനശ്ശെയും കാണത്തക്കവിധം
അങ്ങയുടെ വീര്യബലം ഉണർത്തി ഞങ്ങളുടെ രക്ഷക്കായി വരണമേ.
3ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തണമേ;
ഞങ്ങൾ രക്ഷപ്പെടേണ്ടതിന് തിരുമുഖം പ്രകാശിപ്പിക്കണമേ.
4സൈന്യങ്ങളുടെ ദൈവമായ യഹോവേ,
അങ്ങയുടെ ജനത്തിന്റെ പ്രാർത്ഥനയ്ക്കു നേരെ എത്രത്തോളം നീ കോപിക്കും?
5അങ്ങ് അവർക്ക് കണ്ണുനീരിന്റെ അപ്പം തിന്നുവാൻ കൊടുത്തിരിക്കുന്നു;
ധാരാളം കണ്ണുനീർ അവർക്ക് കുടിക്കുവാനും കൊടുത്തിരിക്കുന്നു.
6അങ്ങ് ഞങ്ങളെ ഞങ്ങളുടെ അയല്ക്കാർക്ക് വഴക്കാക്കിത്തീർക്കുന്നു;
ഞങ്ങളുടെ ശത്രുക്കൾ തമ്മിൽ പറഞ്ഞു പരിഹസിക്കുന്നു.
7സൈന്യങ്ങളുടെ ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തണമേ;
ഞങ്ങൾ രക്ഷപ്പെടേണ്ടതിന് തിരുമുഖം പ്രകാശിപ്പിക്കണമേ.
8അങ്ങ് ഈജിപ്റ്റിൽ നിന്ന് ഒരു മുന്തിരിവള്ളി കൊണ്ട് വന്നു;
ജനതതികളെ നീക്കിക്കളഞ്ഞ് അതിനെ നട്ടു.
9അങ്ങ് അതിന് തടം എടുത്തു
അത് വേരൂന്നി ദേശത്ത് പടർന്നു.
10അതിന്റെ നിഴൽകൊണ്ട് പർവ്വതങ്ങൾ മൂടിയിരുന്നു;
അതിന്റെ കൊമ്പുകൾ ദിവ്യദേവദാരുക്കൾപോലെയും ആയിരുന്നു.
11അത് കൊമ്പുകളെ സമുദ്രംവരെയും
ചില്ലികളെ നദിവരെയും നീട്ടിയിരുന്നു.
12വഴിപോകുന്നവർ എല്ലാം അത് പറിക്കുവാൻ തക്കവണ്ണം
അവിടുന്ന് അതിന്റെ വേലികൾ പൊളിച്ചുകളഞ്ഞത് എന്ത്?
13കാട്ടുപന്നി അതിനെ മാന്തിക്കളയുന്നു;
വയലിലെ മൃഗങ്ങൾ അത് തിന്നുകളയുന്നു.
14സൈന്യങ്ങളുടെ ദൈവമേ, തിരിഞ്ഞുവരണമേ;
സ്വർഗ്ഗത്തിൽനിന്നു കടാക്ഷിച്ച്
ഈ മുന്തിരിവള്ളിയെ സന്ദർശിക്കണമേ.
15അങ്ങയുടെ വലങ്കൈ നട്ടതും
അങ്ങേയ്ക്കായി വളർത്തിയതുമായ ഈ തൈയെയും പരിപാലിക്കണമേ.
16അതിനെ തീവച്ചു ചുടുകയും വെട്ടിക്കളയുകയും ചെയ്തിരിക്കുന്നു;
അങ്ങയുടെ മുഖത്തുനിന്നുള്ള ഭർസനത്താൽ അവർ നശിച്ചുപോകുന്നു.
17അങ്ങയുടെ കൈ അവിടുത്തെ വലത്തുഭാഗത്തെ പുരുഷന്റെമേൽ
അങ്ങേയ്ക്കായി വളർത്തിയ മനുഷ്യപുത്രന്റെ മേൽതന്നെ ഇരിക്കട്ടെ.
18എന്നാൽ ഞങ്ങൾ അങ്ങയെ വിട്ടു പിന്മാറുകയില്ല;
ഞങ്ങളെ ജീവിപ്പിക്കണമേ, എന്നാൽ ഞങ്ങൾ അങ്ങയുടെ നാമത്തെ വിളിച്ചപേക്ഷിക്കും.
19സൈന്യങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തണമേ;
ഞങ്ങൾ രക്ഷപ്പെടേണ്ടതിന് തിരുമുഖം പ്രകാശിപ്പിക്കണമേ.