ആരോഹണഗീതം.
1യിസ്രായേൽ പറയേണ്ടത്:
“അവർ എന്റെ ബാല്യംമുതൽ പലപ്പോഴും എന്നെ ഉപദ്രവിച്ചു;
2അതെ, അവർ എന്റെ ബാല്യംമുതൽ പലപ്പോഴും എന്നെ ഉപദ്രവിച്ചു;
എങ്കിലും അവർ എന്നെ ജയിച്ചില്ല.
3ഉഴവുകാർ എന്റെ മുതുകിന്മേൽ ഉഴുതു;
ഉഴവു ചാലുകൾ അവർ നീളത്തിൽ കീറി”.
4യഹോവ നീതിമാനാകുന്നു;
അവിടുന്ന് ദുഷ്ടന്മാരുടെ പിടിയില്‍ നിന്ന് എന്നെ വിടുവിച്ചു.
5സീയോനെ വെറുക്കുന്നവരെല്ലാം
ലജ്ജിച്ച് പിന്തിരിഞ്ഞു പോകട്ടെ.
6വളരുന്നതിനുമുമ്പ് ഉണങ്ങിപ്പോകുന്ന
പുരപ്പുറത്തെ പുല്ലുപോലെ അവർ ആകട്ടെ.
7കൊയ്യുന്നവൻ അത്തരം പുല്ലുകൊണ്ട് തന്റെ കൈയോ
കറ്റ കെട്ടുന്നവൻ തന്റെ ഭുജങ്ങളോ നിറയ്ക്കുകയില്ല.
8“യഹോവയുടെ അനുഗ്രഹം നിങ്ങൾക്കുണ്ടാകട്ടെ;
യഹോവയുടെ നാമത്തിൽ ഞങ്ങൾ നിങ്ങളെ അനുഗ്രഹിക്കുന്നു”
എന്നിങ്ങനെ വഴിപോകുന്നവർ പറയുന്നതും ഇല്ല.