1യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ;
ദൈവം നല്ലവനല്ലോ; അവിടുത്തെ ദയ എന്നേക്കുമുള്ളത്.
2ദൈവാധിദൈവത്തിന് സ്തോത്രം ചെയ്യുവിൻ;
ദൈവത്തിന്റെ ദയ എന്നേക്കുമുള്ളത്.
3കർത്താധികർത്താവിന് സ്തോത്രം ചെയ്യുവിൻ;
ദൈവത്തിന്റെ ദയ എന്നേക്കുമുള്ളത്.
4ഏകനായി മഹാത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ദൈവത്തിന് -
അവിടുത്തെ ദയ എന്നേക്കുമുള്ളത്.
5ജ്ഞാനത്തോടെ ആകാശങ്ങൾ ഉണ്ടാക്കിയ ദൈവത്തിന് -
അവിടുത്തെ ദയ എന്നേക്കുമുള്ളത്.
6ഭൂമിയെ വെള്ളത്തിന്മേൽ സ്ഥാപിച്ച ദൈവത്തിന്
അവിടുത്തെ ദയ എന്നേക്കുമുള്ളത്.
7വലിയ വെളിച്ചങ്ങൾ ഉണ്ടാക്കിയ ദൈവത്തിന് -
അവിടുത്തെ ദയ എന്നേക്കുമുള്ളത്.
8പകൽ വാഴുവാൻ സൂര്യനെ ഉണ്ടാക്കിയ ദൈവത്തിന് -
അവിടുത്തെ ദയ എന്നേക്കുമുള്ളത്.
9രാത്രി വാഴുവാൻ ചന്ദ്രനെയും നക്ഷത്രങ്ങളെയും ഉണ്ടാക്കിയ ദൈവത്തിന് -
അവിടുത്തെ ദയ എന്നേക്കുമുള്ളത്.
10ഈജിപ്റ്റിലെ കടിഞ്ഞൂലുകളെ സംഹരിച്ച ദൈവത്തിന് -
അവിടുത്തെ ദയ എന്നേക്കുമുള്ളത്.
11അവരുടെ ഇടയിൽനിന്ന് യിസ്രായേൽ ജനത്തെ പുറപ്പെടുവിച്ച ദൈവത്തിന് -
അവിടുത്തെ ദയ എന്നേക്കുമുള്ളത്.
12ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും തന്നെ
അവിടുത്തെ ദയ എന്നേക്കുമുള്ളത്.
13ചെങ്കടലിനെ രണ്ടായി വിഭാഗിച്ച ദൈവത്തിന് -
അവിടുത്തെ ദയ എന്നേക്കുമുള്ളത്.
14അതിന്റെ നടുവിൽകൂടി യിസ്രായേലിനെ കടത്തിയ ദൈവത്തിന്
അവിടുത്തെ ദയ എന്നേക്കുമുള്ളത്.
15ഫറവോനെയും സൈന്യത്തെയും ചെങ്കടലിൽ തള്ളിയിട്ട ദൈവത്തിന് -
അവിടുത്തെ ദയ എന്നേക്കുമുള്ളത്.
16തന്റെ ജനത്തെ മരുഭൂമിയിൽക്കൂടി നടത്തിയ ദൈവത്തിന്
അവിടുത്തെ ദയ എന്നേക്കുമുള്ളത്.
17മഹാരാജാക്കന്മാരെ സംഹരിച്ച ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്.
18ശ്രേഷ്ഠരാജാക്കന്മാരെ നിഗ്രഹിച്ച ദൈവത്തിന് -
അവിടുത്തെ ദയ എന്നേക്കുമുള്ളത്.
19അമോര്യരുടെ രാജാവായ സീഹോനെയും -
അവിടുത്തെ ദയ എന്നേക്കുമുള്ളത്.
20ബാശാൻരാജാവായ ഓഗിനെയും -
അവിടുത്തെ ദയ എന്നേക്കുമുള്ളത്.
21അവരുടെ ദേശം അവകാശമായി കൊടുത്തു -
അവിടുത്തെ ദയ എന്നേക്കുമുള്ളത്.
22തന്റെ ദാസനായ യിസ്രായേലിന് അവകാശമായി തന്നെ
അവിടുത്തെ ദയ എന്നേക്കുമുള്ളത്.
23നമ്മുടെ താഴ്ചയിൽ നമ്മെ ഓർത്ത ദൈവത്തിന് -
അവിടുത്തെ ദയ എന്നേക്കുമുള്ളത്.
24നമ്മുടെ വൈരികളുടെ കൈയിൽനിന്ന് നമ്മെ വിടുവിച്ച ദൈവത്തിന് -
അവിടുത്തെ ദയ എന്നേക്കുമുള്ളത്.
25സകലജഡത്തിനും ആഹാരം കൊടുക്കുന്ന ദൈവത്തിന് -
അവിടുത്തെ ദയ എന്നേക്കുമുള്ളത്.
26സ്വർഗ്ഗസ്ഥനായ ദൈവത്തിനു സ്തോത്രം ചെയ്യുവിൻ;
അവിടുത്തെ ദയ എന്നേക്കുമുള്ളത്.