4. അദ്ധ്യായം.
യോനെക്ക് ഇത് തികച്ചും അനിഷ്ടമായി. അവൻ കോപിച്ചു. അവൻ യഹോവയോട് പ്രാർത്ഥിച്ചു: “അയ്യോ, യഹോവേ, ഞാൻ സ്വദേശത്ത് ആയിരുന്നപ്പോൾ ഇതു തന്നേ സംഭവിക്കുമെന്ന് പറഞ്ഞിരുന്നല്ലോ? അതുകൊണ്ടായിരുന്നു ഞാൻ ആദ്യം തർശീശിലേക്ക് ഓടിപ്പോയത്; നീ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയുമുള്ള ദൈവമാകയാൽ അനർത്ഥത്തെക്കുറിച്ചു മനസ്സുമാറ്റും എന്നു ഞാൻ അറിഞ്ഞിരുന്നു. ആകയാൽ യഹോവേ, എന്റെ ജീവനെ എടുത്തുകൊള്ളേണമേ; ജീവിച്ചിരിക്കുന്നതിനെക്കാൾ മരിക്കുന്നത് എനിക്കു നല്ലത്” എന്നു പറഞ്ഞു. “നീ കോപിക്കുന്നതു ന്യായമോ” എന്ന് യഹോവ ചോദിച്ചു. അനന്തരം യോനാ നഗരത്തിന്റെ പുറത്ത് കിഴക്കുഭാഗത്തായി ഇരുന്നു; അവിടെ ഒരു കുടിലുണ്ടാക്കി നഗരത്തിന് എന്തു ഭവിക്കും എന്നു കാണുവാൻ അതിന്റെ തണലിൽ കാത്തിരുന്നു. യോനയുടെ സങ്കടത്തിൽ ആശ്വാസമായി അവന്റെ തലക്കു മുകളിൽ തണൽ ആയിരിക്കേണ്ടതിന് യഹോവയായ ദൈവം ഒരു ആവണക്ക് ഉണ്ടാകുവാൻ കല്പിച്ചു. അത് അവന് മീതെ വളർന്നു പൊങ്ങി; യോനാ ആവണക്കു നിമിത്തം അത്യന്തം സന്തോഷിച്ചു. പിറ്റെന്നാൾ പുലർന്നപ്പോൾ ദൈവകൽപ്പനയാൽ ഒരു പുഴു ആ ആവണക്ക് നശിപ്പിച്ചുകളഞ്ഞു, അതു വാടിപ്പോയി. സൂര്യൻ ഉദിച്ചപ്പോൾ ദൈവം അത്യഷ്ണമുള്ള ഒരു കിഴക്കൻ കാറ്റ് വരുത്തി; വെയിൽ യോനയുടെ തലയിൽ കൊള്ളുകയാൽ അവൻ ക്ഷീണിച്ച് മരിച്ചാൽ കൊള്ളാം എന്ന് ഇച്ഛിച്ചു: “ജീവിച്ചിരിക്കുന്നതിനെക്കാൾ മരിക്കുന്നത് എനിക്ക് നല്ലത്” എന്ന് പറഞ്ഞു. ദൈവം യോനയോട്: “നീ ആവണക്കു നിമിത്തം കോപിക്കുന്നത് ന്യായമോ” എന്നു ചോദിച്ചതിന് അവൻ: “ഞാൻ മരണപര്യന്തം കോപിക്കുന്നത് ന്യായം തന്നേ” എന്ന് പറഞ്ഞു. 10 അതിന് യഹോവ: “നീ അദ്ധ്വാനിക്കയോ വളർത്തുകയൊ ചെയ്യാതെ ഒരു രാത്രിയിൽ ഉണ്ടായി വരികയും പിറ്റേ രാത്രിയിൽ നശിച്ചു പോകയും ചെയ്ത ആവണക്കിനെക്കുറിച്ച് നിനക്ക് അനുകമ്പ തോന്നുന്നുവല്ലോ. 11 എന്നാൽ വലങ്കയ്യും ഇടങ്കയ്യും തമ്മിൽ തിരിച്ചറിഞ്ഞുകൂടാത്ത ഒരുലക്ഷത്തി ഇരുപതിനായിരത്തിൽ അധികം മനുഷ്യരും അനേകം മൃഗങ്ങളുമുള്ള മഹാനഗരമായ നീനെവേയോട് എനിക്കു സഹതാപം തോന്നരുതോ” എന്നു ചോദിച്ചു.