അദ്ധ്യായം.6
സീയോനിൽ സ്വൈരമായിരിക്കുന്നവരും ശമര്യാപർവ്വതത്തിൽ നിർഭയരായിരിക്കുന്നവരും ജനതകളിൽ പ്രധാനികളായ ശ്രേഷ്ഠന്മാരും, യിസ്രായേൽഗൃഹം സമീപിക്കുന്നവരുമായുള്ളോരേ, നിങ്ങൾക്ക് അയ്യോ കഷ്ടം. നിങ്ങൾ കല്നെയിൽ ചെന്നു നോക്കുവിൻ; അവിടെ നിന്ന് മഹാനഗരമായ ഹമാത്തിലേക്ക് പോകുവിൻ; ഫെലിസ്ത്യരുടെ ഗത്തിലേക്ക് ചെല്ലുവിൻ; അവ ഈ രാജ്യങ്ങളെക്കാൾ നല്ലവയോ? അവയുടെ ദേശം നിങ്ങളുടെ ദേശത്തെക്കാൾ വിസ്താരമുള്ളതോ? നിങ്ങൾ ദുർദ്ദിവസം അകറ്റിവയ്ക്കുകയും സാഹസത്തിന്റെ ഇരിപ്പിടം അടുപ്പിക്കുകയും ചെയ്യുന്നു. നിങ്ങൾ ആനക്കൊമ്പു കൊണ്ടുള്ള കട്ടിലുകളിന്മേൽ ചാരിയിരിക്കുകയും നിങ്ങളുടെ ശയ്യകളിന്മേൽ നിവിർന്നു കിടക്കുകയും ആട്ടിൻകൂട്ടത്തിൽനിന്ന് കുഞ്ഞാടുകളെയും തൊഴുത്തിൽനിന്ന് പശുക്കിടാക്കളെയും തിന്നുകയും ചെയ്യുന്നു. നിങ്ങൾ വീണാനാദത്തോടെ വ്യർത്ഥസംഗീതം മീട്ടി ദാവീദിനെപ്പോലെ സംഗീതോപകരണങ്ങൾ ഉണ്ടാക്കുന്നു. നിങ്ങൾ കലശങ്ങളിൽ വീഞ്ഞ് കുടിക്കുകയും വിശേഷതൈലം പൂശുകയും ചെയ്യുന്നു; യോസേഫിന്റെ കഷ്ടതയെക്കുറിച്ച് വ്യസനിക്കുന്നില്ലതാനും. അതുകൊണ്ട് അവർ ഇപ്പോൾ പ്രവാസികളിൽ മുമ്പന്മാരായി പ്രവാസത്തിലേക്ക് പോകും; സുഖശയനം നടത്തുന്നവരുടെ മദ്യപാനഘോഷം നിന്നുപോകും. യഹോവയായ കർത്താവ് തന്നെച്ചൊല്ലി സത്യം ചെയ്തിരിക്കുന്നു എന്ന് സൈന്യങ്ങളുടെ ദൈവമായ യഹോവയുടെ അരുളപ്പാട്: “ഞാൻ യാക്കോബിന്റെ ഗർവ്വത്തെ വെറുത്ത് അവന്റെ അരമനകളെ ദ്വേഷിക്കുന്നു; ഞാൻ പട്ടണവും അതിലുള്ളതൊക്കെയും ഏല്പിച്ചുകൊടുക്കും”; ഒരു വീട്ടിൽ പത്ത് പുരുഷന്മാർ ശേഷിച്ചിരുന്നാലും അവർ മരിക്കും; 10 ഒരു മനുഷ്യന്റെ ബന്ധു, അവനെ ദഹിപ്പിക്കേണ്ടുന്നവൻ തന്നെ, അവന്റെ അസ്ഥികളെ വീട്ടിൽനിന്ന് നീക്കേണ്ടതിന് അവനെ ചുമന്നുകൊണ്ടുപോകുമ്പോൾ അവൻ വീടിന്റെ അകത്തെ മൂലയിൽ ഇരിക്കുന്നവനോട്: “നിന്റെ അടുക്കൽ ഇനി വല്ലവരും ഉണ്ടോ” ? എന്ന് ചോദിക്കുന്നതിന് അവൻ: “ആരുമില്ല” എന്ന് പറഞ്ഞാൽ അവൻ: “യഹോവയുടെ നാമത്തെ കീർത്തിച്ചുകൂടായ്കയാൽ നീ മിണ്ടാതിരിക്കുക” എന്ന് പറയും. 11 യഹോവ കല്പിച്ചിട്ട് വലിയ വീട് ഇടിഞ്ഞും ചെറിയ വീട് പിളർന്നും തകർന്നുപോകും. 12 കുതിര പാറമേൽ ഓടുമോ? അവിടെ കാളയെ പൂട്ടി ഉഴുമോ? എന്നാൽ നിങ്ങൾ ന്യായത്തെ വിഷമായും നീതിഫലത്തെ കാഞ്ഞിരമായും മാറ്റിയിരിക്കുന്നു. 13 നിങ്ങൾ മിഥ്യാവസ്തുവിൽ സന്തോഷിച്ചുകൊണ്ട്: “സ്വന്തശക്തിയാൽ ഞങ്ങൾ പ്രാബല്യം പ്രാപിച്ചിട്ടില്ലയോ” എന്ന് പറയുന്നു. 14 “എന്നാൽ യിസ്രായേൽഗൃഹമേ, ഞാൻ നിങ്ങളുടെ നേരെ ഒരു ജനതയെ എഴുന്നേല്പിക്കും; അവർ ഹമാത്തിലേക്കുള്ള പ്രവേശനംമുതൽ അരാബയിലെ തോടുവരെ നിങ്ങളെ ഞെരുക്കും” എന്ന് സൈന്യങ്ങളുടെ ദൈവമായ യഹോവയുടെ അരുളപ്പാട്.