15. അദ്ധ്യായം.
അതിന്റെ ശേഷം അബ്രാമിന് ദർശനത്തിൽ യഹോവയുടെ അരുളപ്പാട് ഉണ്ടായതെന്തെന്നാൽ: “അബ്രാമേ, ഭയപ്പെടേണ്ടാ; ഞാൻ നിന്റെ പരിചയും നിന്റെ അതിമഹത്തായ പ്രതിഫലവും ആകുന്നു.” അതിന് അബ്രാം: “കർത്താവായ യഹോവേ, നീ എനിക്കു എന്തു തരും? ഞാൻ മക്കളില്ലാത്തവനായി നടക്കുന്നുവല്ലോ; എന്റെ വീടിന്റെ അവകാശി ദമ്മേശെക്കുകാരനായ എല്യേസെർ അത്രേ” എന്നു പറഞ്ഞു. “നോക്കൂ, നീ എനിക്കു സന്തതിയെ തന്നിട്ടില്ല, എന്റെ വീട്ടിൽ ജനിച്ച ദാസൻ എന്റെ അവകാശിയാകുന്നു” എന്നും അബ്രാം പറഞ്ഞു. ഇതാ, യഹോവയുടെ അരുളപ്പാട് അവന് ഉണ്ടായതെന്തെന്നാൽ: “അവൻ നിന്റെ അവകാശിയാകയില്ല; നിന്റെ ശരീരത്തിൽനിന്നു പുറപ്പെടുന്നവൻ തന്നെ നിന്റെ അവകാശിയാകും.” പിന്നെ അവിടുന്ന് അബ്രാമിനെ പുറത്തു കൊണ്ടുചെന്നു: “നീ ആകാശത്തേക്കു നോക്കുക; നക്ഷത്രങ്ങളെ എണ്ണുവാൻ കഴിയുമെങ്കിൽ എണ്ണുക” എന്ന് കല്പിച്ചു. “നിന്റെ സന്തതി ഇങ്ങനെ ആകും” എന്നും അവിടുന്ന് അവനോട് കല്പിച്ചു. അവൻ യഹോവയിൽ വിശ്വസിച്ചു; അത് അവിടുന്ന് അബ്രാമിന് നീതിയായി കണക്കിട്ടു. പിന്നെ അവനോട്: “ഈ ദേശത്തെ നിനക്ക് അവകാശമായി തരുവാൻ കൽദയരുടെ ഊരിൽനിന്നു* ഊർ കൽദയപട്ടണമാണ് ഊർ. നിന്നെ കൂട്ടിക്കൊണ്ടുവന്ന യഹോവ ഞാൻ ആകുന്നു” എന്ന് അരുളിച്ചെയ്തു. “കർത്താവായ യഹോവേ, ഞാൻ അതിനെ അവകാശമാക്കുമെന്നുള്ളത് എനിക്കു എങ്ങനെ അറിയാം? എന്നു അവൻ ചോദിച്ചു. അവിടുന്ന് അവനോട്: “മൂന്നു വയസ്സുള്ള ഒരു പശുക്കിടാവിനെയും മൂന്നുവയസ്സുള്ള ഒരു പെൺകോലാടിനെയും മൂന്നു വയസ്സുള്ള ഒരു ആണാടിനെയും ഒരു കുറുപ്രാവിനെയും ഒരു പ്രാവിൻകുഞ്ഞിനെയും കൊണ്ടുവരിക” എന്നു കല്പിച്ചു. 10 ഇവയെയൊക്കെയും അവൻ കൊണ്ടുവന്ന് ഒത്തനടുവെ രണ്ടായിപിളർന്ന് ഭാഗങ്ങളെ നേർക്കു നേരേ വച്ചു; പക്ഷികളെയോ അവൻ രണ്ടായി പിളർന്നില്ല. 11 ഉടലുകളിന്മേൽ കഴുകന്മാർ ഇറങ്ങി വന്നപ്പോൾ അബ്രാം അവയെ ഓടിച്ചുകളഞ്ഞു. 12 സൂര്യൻ അസ്തമിക്കുമ്പോൾ അബ്രാമിന് ഒരു ഗാഢനിദ്ര വന്നു; അതാ, ഭീതിയും കൂരിരുട്ടും അവന്റെ മേൽ വീണു. 13 അപ്പോൾ അവിടുന്ന് അബ്രാമിനോട്: “നിന്റെ സന്തതി സ്വന്തമല്ലാത്ത ദേശത്ത് പ്രവാസികളായിരുന്ന് ആ ദേശക്കാരെ സേവിക്കും; അവർ നാനൂറ് വർഷം അവരെ പീഡിപ്പിക്കുമെന്ന് അറിഞ്ഞുകൊള്ളുക. 14 എന്നാൽ അവർ സേവിക്കുന്ന ജനതയെ ഞാൻ വിധിക്കും; അതിനുശേഷം അവർ വളരെ സമ്പത്തോടുംകൂടി പുറപ്പെട്ടുപോരും. 15 നീയോ സമാധാനത്തോടെ നിന്റെ പിതാക്കന്മാരോടു ചേരും; നല്ല വാർദ്ധക്യത്തിൽ അടക്കപ്പെടും. 16 നാലാം തലമുറക്കാർ ഇവിടേക്ക് മടങ്ങിവരും; അമോര്യരുടെ അകൃത്യം ഇതുവരെ തികഞ്ഞിട്ടില്ല” എന്ന് അരുളിച്ചെയ്തു. 17 സൂര്യൻ അസ്തമിച്ചു ഇരുട്ടായശേഷം ഇതാ, പുകയുന്ന ഒരു തീച്ചൂളയും ആ ഭാഗങ്ങളുടെ നടുവിലൂടെ കടന്നുപോകുന്ന ഒരു ജ്വലിക്കുന്ന പന്തവും അവിടെ കാണപ്പെട്ടു. 18 ആ ദിവസം യഹോവ അബ്രാമിനോട് ഒരു ഉടമ്പടി ചെയ്തു: “നിന്റെ സന്തതിക്ക് ഞാൻ ഈജിപ്റ്റുനദി മുതൽ ഫ്രാത്ത് നദിയായ മഹാനദിവരെയുള്ള ഈ ദേശത്തെ, 19 കേന്യർ, കെനിസ്യർ, കദ്മോന്യർ, ഹിത്യർ, 20 പെരിസ്യർ, രെഫായീമ്യർ, അമോര്യർ, 21 കനാന്യർ, ഗിർഗ്ഗശ്യർ, യെബൂസ്യർ എന്നിവരുടെ ദേശത്തെതന്നെ, തന്നിരിക്കുന്നു” എന്ന് അരുളിച്ചെയ്തു.

*15. അദ്ധ്യായം.. 7 ഊർ കൽദയപട്ടണമാണ് ഊർ.