44. അദ്ധ്യായം.
അനന്തരം അവൻ തന്റെ ഗൃഹവിചാരകനോട്: “നീ ഇവരുടെ ചാക്കിൽ അവർക്ക് എടുക്കാവുന്നിടത്തോളം ധാന്യം നിറച്ച്, ഓരോരുത്തന്റെ പണം അവനവന്റെ ചാക്കിന്റെ വായ്ക്കൽ വയ്ക്കുക. ഇളയവന്റെ ചാക്കിന്റെ വായ്ക്കൽ വെള്ളികൊണ്ടുള്ള എന്റെ പാനപാത്രവും അവന്റെ ധാന്യവിലയും വയ്ക്കുക” എന്നു കല്പിച്ചു; യോസേഫ് കല്പിച്ചതുപോലെ അവൻ ചെയ്തു. നേരം വെളുത്തപ്പോൾ അവരുടെ കഴുതകളുമായി അവരെ യാത്ര അയച്ചു. അവർ പട്ടണത്തിൽനിന്നു പുറപ്പെട്ടു ദൂരെ എത്തുംമുമ്പെ, യോസേഫ് തന്റെ ഗൃഹവിചാരകനോടു: “എഴുന്നേറ്റു ആ പുരുഷന്മാരുടെ പിന്നാലെ ഓടിച്ചെല്ലുക; ഒപ്പം എത്തുമ്പോൾ അവരോടു: ‘നിങ്ങൾ നന്മയ്ക്കു പകരം തിന്മ ചെയ്തത് എന്ത്? നിങ്ങൾ എന്റെ യജമാനന്റെ വെള്ളിപാത്രം മോഷ്ടിച്ചത് എന്തിന്? അതിലല്ലയോ എന്റെ യജമാനൻ കുടിക്കുന്നത്? അതിനാലല്ലയോ ലക്ഷണം നോക്കുന്നത്* ലക്ഷണം നോക്കുന്നതു ഭാവി പറയുക? നിങ്ങൾ ഈ ചെയ്തത് ഒട്ടും നന്നല്ല’ എന്നു പറയുക” എന്നു കല്പിച്ചു. അവൻ അവരുടെ അടുക്കൽ എത്തിയപ്പോൾ ഈ വാക്കുകൾ അവരോടു പറഞ്ഞു. അവർ അവനോടു പറഞ്ഞത്: “യജമാനൻ ഇങ്ങനെ പറയുന്നത് എന്ത്? ഈ വക കാര്യം അടിയങ്ങൾ ഒരുനാളും ചെയ്യുകയില്ല. ഞങ്ങളുടെ ചാക്കിന്റെ വായ്ക്കൽ കണ്ട പണം ഞങ്ങൾ കനാൻദേശത്തുനിന്ന് അങ്ങയുടെ അടുക്കൽ വീണ്ടും കൊണ്ടുവന്നുവല്ലോ; പിന്നെ ഞങ്ങൾ അങ്ങയുടെ യജമാനന്റെ വീട്ടിൽനിന്ന് വെള്ളിയും പൊന്നും മോഷ്ടിക്കുമോ? അടിയങ്ങളിൽ ആരുടെ എങ്കിലും കൈവശം അതു കണ്ടാൽ അവൻ മരിക്കട്ടെ; ഞങ്ങളും യജമാനന് അടിമകളായിക്കൊള്ളാം.” 10 അതിന് അവൻ: “നിങ്ങൾ പറഞ്ഞതുപോലെ ആകട്ടെ; അത് ആരുടെ കൈവശം കാണുന്നുവോ അവൻ എനിക്ക് അടിമയാകും; നിങ്ങളോ കുറ്റമില്ലാത്തവരായിരിക്കും.” 11 അവർ വേഗത്തിൽ ചാക്ക് നിലത്തിറക്കി: ഓരോരുത്തൻ താന്താന്റെ ചാക്ക് അഴിച്ചു. 12 അവൻ മൂത്തവന്റെ ചാക്കുതുടങ്ങി ഇളയവന്റേതുവരെ പരിശോധിച്ചു. ബെന്യാമീന്റെ ചാക്കിൽ പാനപാത്രം കണ്ടുപിടിച്ചു. 13 അപ്പോൾ അവർ വസ്ത്രം കീറി, ചുമടു കഴുതപ്പുറത്തു കയറ്റി പട്ടണത്തിലേക്കു മടങ്ങിച്ചെന്നു. 14 യെഹൂദയും അവന്റെ സഹോദരന്മാരും യോസേഫിന്റെ വീട്ടിൽ ചെന്നു; അവൻ അതുവരെയും അവിടെത്തന്നെ ആയിരുന്നു; അവർ അവന്റെ മുമ്പാകെ സാഷ്ടാംഗം വീണു. 15 യോസേഫ് അവരോട്: “നിങ്ങൾ ഈ ചെയ്ത പ്രവൃത്തി എന്ത്? എന്നെപ്പോലെയുള്ള ഒരുത്തനു ഭാവി പ്രവചിക്കുവാൻ ഭാവി പ്രവചിക്കുവാൻ എന്നതിന്ലക്ഷണവിദ്യ, ഭവിഷ്യജ്ഞാനം, മുന്‍കൂട്ടിപ്പറയല്‍ എന്നും അർത്ഥം ഉണ്ട്. അറിയാമെന്നു നിങ്ങൾ അറിഞ്ഞിട്ടില്ലയോ” എന്നു ചോദിച്ചു. 16 അതിനു യെഹൂദാ: “യജമാനനോടു ഞങ്ങൾ എന്തു പറയേണ്ടു? എന്തു ബോധിപ്പിക്കേണ്ടു? എങ്ങനെ ഞങ്ങളെത്തന്നെ നീതീകരിക്കേണ്ടു? ദൈവം അടിയങ്ങളുടെ അകൃത്യം കണ്ടെത്തി; ഇതാ ഞങ്ങൾ യജമാനന് അടിമകൾ; ഞങ്ങളും ആരുടെ കൈയിൽ പാത്രം കണ്ടുവോ അവനും തന്നെ” എന്നു പറഞ്ഞു. 17 അതിന് യോസേഫ്: “അങ്ങനെ ഞാൻ ഒരുനാളും ചെയ്യുകയില്ല; ആരുടെ കൈവശം പാത്രം കണ്ടുവോ അവൻ തന്നെ എനിക്ക് അടിമയായിരിക്കും; നിങ്ങളോ സമാധാനത്തോടെ നിങ്ങളുടെ അപ്പന്റെ അടുക്കൽ പൊയ്ക്കൊള്ളുവിൻ” എന്നു പറഞ്ഞു.
18 അപ്പോൾ യെഹൂദാ അടുത്തുചെന്നു പറഞ്ഞത്: “യജമാനനേ, അടിയൻ യജമാനനോട് ഒന്നു ബോധിപ്പിച്ചുകൊള്ളട്ടേ; അടിയന്റെ നേരെ കോപം ജ്വലിക്കരുതേ; 19 യജമാനൻ ഫറവോനെപ്പോലെയല്ലോ; ‘നിങ്ങൾക്ക് അപ്പനോ സഹോദരനോ ഉണ്ടോ?’ എന്നു യജമാനൻ അടിയങ്ങളോടു ചോദിച്ചു. 20 അതിനു ഞങ്ങൾ യജമാനനോട്: ‘ഞങ്ങൾക്കു വൃദ്ധനായ ഒരു അപ്പനും അവന് വാർദ്ധക്യത്തിൽ ജനിച്ച ഒരു മകനും ഉണ്ട്; അവന്റെ ജ്യേഷ്ഠൻ മരിച്ചുപോയി; അവന്റെ അമ്മ പ്രസവിച്ചിട്ട് അവൻ ഒരുത്തനെ ശേഷിപ്പുള്ളു; അവൻ അപ്പന്റെ വത്സല പുത്രൻ ആകുന്നു എന്നു പറഞ്ഞു. 21 അപ്പോൾ യജമാനൻ അടിയങ്ങളോട്: ‘എനിക്കു കാണേണ്ടതിന് അവനെ എന്റെ അടുക്കൽ കൂട്ടിക്കൊണ്ടുവരുവിൻ’ എന്നു കല്പിച്ചുവല്ലോ. 22 ഞങ്ങൾ യജമാനനോട്: ‘ബാലന് അപ്പനെ പിരിഞ്ഞുകൂടാ; പിരിഞ്ഞാൽ അപ്പൻ മരിച്ചുപോകും’ എന്നു പറഞ്ഞു. 23 അതിനു യജമാനൻ അടിയങ്ങളോട്: ‘നിങ്ങളുടെ ഇളയസഹോദരൻ നിങ്ങളോടുകൂടെ വരാതിരുന്നാൽ നിങ്ങൾ എന്റെ മുഖം ഇനി കാണുകയില്ല’ എന്നു കല്പിച്ചു. 24 അവിടത്തെ അടിയാനായ അപ്പന്റെ അടുക്കൽ ഞങ്ങൾ ചെന്ന് യജമാനന്റെ വാക്കുകളെ അറിയിച്ചു. 25 അനന്തരം ഞങ്ങളുടെ അപ്പൻ: ‘നിങ്ങൾ ഇനിയും പോയി നമുക്കു കുറെ ധാന്യം വാങ്ങുവിൻ’ എന്നു പറഞ്ഞു. 26 അതിനു ഞങ്ങൾ: ‘ഞങ്ങൾക്കു പൊയ്ക്കൂടാ; അനുജൻ കൂടെ ഉണ്ടെങ്കിൽ ഞങ്ങൾ പോകാം; അനുജൻ ഇല്ലാതെ ഞങ്ങൾക്ക് അദ്ദേഹത്തിന്റെ മുഖം കാണുവാൻ സാദ്ധ്യമല്ല’ എന്നു പറഞ്ഞു. 27 അപ്പോൾ അവിടത്തെ അടിയാനായ അപ്പൻ ഞങ്ങളോടു പറഞ്ഞത്: ‘എന്റെ ഭാര്യ റാഹേൽ എനിക്കു രണ്ടു പുത്രന്മാരെ പ്രസവിച്ചു എന്നു നിങ്ങൾക്ക് അറിയാമല്ലോ. 28 അവരിൽ ഒരുത്തൻ എന്റെ അടുക്കൽനിന്നു പോയി; അവനെ വന്യമൃഗങ്ങൾ പറിച്ചു കീറിപ്പോയി നിശ്ചയം എന്നു ഞാൻ ഉറച്ചു; ഇതുവരെ ഞാൻ അവനെ കണ്ടിട്ടുമില്ല. 29 നിങ്ങൾ ഇവനെയും കൊണ്ടുപോയിട്ട് അവനു വല്ല ആപത്തും വന്നാൽ തലനരച്ച എന്നെ നിങ്ങൾ ദുഃഖത്തോടെ പാതാളത്തിൽ ഇറങ്ങുമാറാക്കും. 30 അതുകൊണ്ട് ഇപ്പോൾ ബാലൻ കൂടെയില്ലാതെ ഞാൻ അവിടത്തെ അടിയാനായ അപ്പന്റെ അടുക്കൽ ചെല്ലുമ്പോൾ, അപ്പന്റെ പ്രാണൻ ബാലന്റെ പ്രാണനോടു പറ്റിയിരിക്കുകകൊണ്ട്, 31 ബാലൻ ഇല്ലെന്നു കണ്ടാൽ അവൻ മരിച്ചുപോകും; അങ്ങനെ അടിയങ്ങൾ അവിടത്തെ അടിയാനായ തലനരച്ച അപ്പനെ ദുഃഖത്തോടെ പാതാളത്തിൽ ഇറങ്ങുമാറാക്കും. 32 അടിയൻ അപ്പനോട്: ‘അവനെ നിന്റെ അടുക്കൽ കൊണ്ടുവരാതിരുന്നാൽ ഞാൻ എന്നും അപ്പനു കുറ്റക്കാരനായിക്കൊള്ളാം’ എന്നു പറഞ്ഞു, അപ്പനോടു ബാലനുവേണ്ടി ഉത്തരവാദിയായിരിക്കുന്നു. 33 ആകയാൽ ബാലനു പകരം അടിയൻ യജമാനന് അടിമയായിരിക്കുവാനും ബാലൻ സഹോദരന്മാരോടുകൂടെ പൊയ്ക്കൊൾവാനും അനുവദിക്കണമേ. 34 ബാലൻ കൂടെ ഇല്ലാതെ ഞാൻ എങ്ങനെ അപ്പന്റെ അടുക്കൽ പോകും? അപ്പനു ഭവിക്കുന്ന ദോഷം ഞാൻ കാണേണ്ടിവരുമല്ലോ.”

*44. അദ്ധ്യായം.. 5 ലക്ഷണം നോക്കുന്നതു ഭാവി പറയുക

44. അദ്ധ്യായം.. 15 ഭാവി പ്രവചിക്കുവാൻ എന്നതിന്ലക്ഷണവിദ്യ, ഭവിഷ്യജ്ഞാനം, മുന്‍കൂട്ടിപ്പറയല്‍ എന്നും അർത്ഥം ഉണ്ട്.