സങ്കീർത്തനം.25
ദാവീദിന്റെ ഒരു സങ്കീർത്തനം.
യഹോവേ, നിങ്കലേക്ക് ഞാൻ മനസ്സ് ഉയർത്തുന്നു;
എന്റെ ദൈവമേ, നിന്നിൽ ഞാൻ ആശ്രയിക്കുന്നു;
ഞാൻ ലജ്ജിച്ചു പോകരുതേ;
എന്റെ ശത്രുക്കൾ എന്റെമേൽ ജയം ഘോഷിക്കരുതേ.
നിനക്കായി കാത്തിരിക്കുന്ന ഒരുവനും ലജ്ജിച്ചു പോകുകയില്ല;
വെറുതെ ദ്രോഹിക്കുന്നവർ ലജ്ജിച്ചുപോകും.
യഹോവേ, നിന്റെ വഴികൾ എന്നെ അറിയിക്കണമേ;
നിന്റെ പാതകൾ എനിക്ക് ഉപദേശിച്ചു തരണമേ!
നിന്റെ സത്യത്തിൽ എന്നെ നടത്തി പഠിപ്പിക്കണമേ;
നീ എന്റെ രക്ഷയുടെ ദൈവമാകുന്നുവല്ലോ;
ദിവസം മുഴുവൻ ഞാൻ നിനക്കായി കാത്തിരിക്കുന്നു.
യഹോവേ, നിന്റെ കരുണയും ദയയും ഓർക്കണമേ;
അവ പണ്ടുപണ്ടേയുള്ളവയല്ലോ.
എന്റെ യൗവ്വനത്തിലെ പാപങ്ങളും ലംഘനങ്ങളും ഓർക്കരുതേ;
യഹോവേ, നിന്റെ കൃപമൂലം, നിന്റെ ദയനിമിത്തം തന്നെ,എന്നെ ഓർക്കണമേ.
യഹോവ നല്ലവനും നേരുള്ളവനും ആകുന്നു.
അതുകൊണ്ട് അവൻ പാപികളെ നേർവ്വഴിയിൽ പഠിപ്പിക്കുന്നു.
സൗമ്യതയുള്ളവരെ അവൻ ന്യായത്തിൽ നടത്തുന്നു;
സൗമ്യതയുള്ളവർക്ക് തന്റെ വഴി പഠിപ്പിച്ചു കൊടുക്കുന്നു.
10 യഹോവയുടെ നിയമവും സാക്ഷ്യങ്ങളും പ്രമാണിക്കുന്നവർക്ക്
അവന്റെ വഴികളെല്ലാം ദയയും സത്യവും ആകുന്നു.
11 യഹോവേ, എന്റെ അകൃത്യം വലിയത്;
നിന്റെ നാമംനിമിത്തം അത് ക്ഷമിക്കണമേ.
12 യഹോവാഭക്തനായ പുരുഷൻ ആര്?
അവൻ തിരഞ്ഞെടുക്കേണ്ട വഴി താൻ അവന് കാണിച്ചുകൊടുക്കും.
13 അവൻ മനോസുഖത്തോടെ വസിക്കും;
അവന്റെ സന്തതി ദേശം അവകാശമാക്കും.
14 യഹോവയുടെ സഖിത്വം തന്റെ ഭക്തന്മാർക്ക് ഉണ്ടാകും;
അവൻ തന്റെ നിയമം അവരെ അറിയിക്കുന്നു.
15 എന്റെ കണ്ണ് എപ്പോഴും യഹോവയിങ്കലേക്കാകുന്നു;
അവൻ എന്റെ കാലുകളെ വലയിൽനിന്ന് വിടുവിക്കും.
16 എന്നിലേക്ക് തിരിഞ്ഞ് എന്നോട് കരുണയുണ്ടാകണമേ;
ഞാൻ ഏകാകിയും അരിഷ്ടനും ആകുന്നു.
17 എന്റെ മനഃപീഡകൾ വർദ്ധിച്ചിരിക്കുന്നു;
എന്റെ സങ്കടങ്ങളിൽനിന്ന് എന്നെ വിടുവിക്കണമേ.
18 എന്റെ അരിഷ്ടതയും അതിവേദനയും നോക്കണമേ;
എന്റെ സകലപാപങ്ങളും ക്ഷമിക്കണമേ.
19 എന്റെ ശത്രുക്കൾ എത്രയെന്ന് നോക്കണമേ; അവർ പെരുകിയിരിക്കുന്നു;
അവർ കഠിനദ്വേഷത്തോടെ എന്നെ ദ്വേഷിക്കുന്നു;
20 എന്റെ പ്രാണനെ കാത്ത് എന്നെ വിടുവിക്കണമേ;
നിന്നെ ശരണമാക്കിയിരിക്കുകയാൽ ഞാൻ ലജ്ജിച്ചുപോകരുതേ.
21 നിഷ്കളങ്കതയും നേരും എന്നെ പരിപാലിക്കുമാറാകട്ടെ;
ഞാൻ നിന്നിൽ പ്രത്യാശവച്ചിരിക്കുന്നുവല്ലോ.
22 ദൈവമേ, യിസ്രായേലിനെ
അവന്റെ സകലകഷ്ടങ്ങളിൽനിന്നും വീണ്ടെടുക്കണമേ.